7 സീറ്റർ വിപണിയിൽ ഹൈബ്രിഡ്, ഇവി പോരാട്ടം: ടൊയോട്ടയും ഹ്യുണ്ടേയും ടാറ്റയും നേർക്കുനേർ

ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലമായിക്കൊണ്ടിരിക്കുകയാണ്. ചെറിയ ഹാച്ച്ബാക്കുകളിൽ തുടങ്ങി കോംപാക്ട് എസ്യുവികളിലൂടെ ഇപ്പോൾ ഏഴ് സീറ്റുകളുള്ള ഇവികളിലേക്കും ഹൈബ്രിഡ് എസ്യുവികളിലേക്കും മുൻനിര നിർമ്മാതാക്കൾ തങ്ങളുടെ വികസന തന്ത്രങ്ങൾ മാറ്റിക്കഴിഞ്ഞു. വലിയ കുടുംബങ്ങൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാവുന്ന മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്സും റെനോയും രംഗത്തുണ്ട്. ഇതിനു പുറമെ രണ്ട് പ്രധാന ഹൈബ്രിഡ് മോഡലുകൾ വിപണിയിലെത്തിക്കാൻ ഹ്യുണ്ടേയിയും തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന 15 മാസത്തിനുള്ളിൽ ഇന്ത്യയുടെ നിരത്തുകൾ കീഴടക്കാൻ എത്തുന്ന പ്രമുഖ ഇവി, ഹൈബ്രിഡ് വാഹനങ്ങളെക്കുറിച്ച് പരിശോധിക്കാം.
ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ 7 സീറ്റർ: നിലവിൽ വിപണിയിലുള്ള ടൊയോട്ടയുടെ 1.5 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എൻജിനും ഇ-സിവിടി (e-CVT) ഗിയർബോക്സും തന്നെയായിരിക്കും ഈ പുതിയ പതിപ്പിലും ഉൾപ്പെടുത്തുക. കൂടാതെ, 1.5 ലീറ്റർ കെ15സി മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനൊപ്പം 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമായേക്കാം. സുരക്ഷയ്ക്കായി ലെവൽ 2 അഡാസ് (ADAS), 360 ഡിഗ്രി ക്യാമറ എന്നിവയും സൗകര്യങ്ങൾക്കായി വിശാലമായ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, പവേർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം. 2026-ന്റെ അവസാനത്തിലോ 2027-ന്റെ തുടക്കത്തിലോ വാഹനം വിപണിയിലെത്താനാണ് സാധ്യത. ബെംഗളൂരുവിലെ ബിദാദിയിലുള്ള ടൊയോട്ടയുടെ ശാലയിലായിരിക്കും നിർമ്മാണം. 15 മുതൽ 22 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.
ഹ്യുണ്ടേയ് എൻഐ1ഐ (NI1i): ‘എൻഐ1ഐ’ എന്ന കോഡ് നാമത്തിലാണ് ഹ്യുണ്ടേയ് തങ്ങളുടെ പുതിയ ഹൈബ്രിഡ് എസ്യുവി വികസിപ്പിക്കുന്നത്. അൽക്കസാറിന് മുകളിലും ട്യൂസണിന് താഴെയും സ്ഥാനം പിടിക്കുന്ന ഈ വാഹനം ടാറ്റ സഫാരി, മഹീന്ദ്ര എക്സ്യുവി 700 തുടങ്ങിയ പ്രബലർക്കെതിരെയാകും മത്സരിക്കുക. ഏകദേശം 18 മുതൽ 25 ലക്ഷം രൂപ വരെയാകും വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടേയ് പാലിസേഡ് ഹൈബ്രിഡ് എസ്യുവി: രണ്ടാം തലമുറ പാലിസേഡ് ഹൈബ്രിഡ് എസ്യുവി 2028-ഓടെ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനാണ് ഹ്യുണ്ടേയിയുടെ പദ്ധതി. രാജ്യാന്തര തലത്തിലുള്ള മോഡലുകളിൽ കാണുന്ന 334 എച്ച്പി കരുത്തും 460 എൻഎം ടോർക്കും നൽകുന്ന 2.5 ലീറ്റർ ടർബോ പെട്രോൾ ഹൈബ്രിഡ് എൻജിനായിരിക്കും ഇതിന്റെ ഹൃദയം. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ നൽകുന്നത്. വിദേശ വിപണികളിൽ 7, 8 സീറ്റർ ലേഔട്ടുകളിൽ ഈ വാഹനം ലഭ്യമാണ്. ഡ്യുവൽ ഡിജിറ്റൽ ഡിസ്പ്ലേകൾ, പനോരമിക് സൺറൂഫ്, 14 സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഇതിലുണ്ട്. ഇന്ധനവും ഇലക്ട്രിക് മോട്ടോറും സംയുക്തമായി പ്രവർത്തിക്കുമ്പോൾ ഒറ്റത്തവണ ടാങ്ക് നിറച്ചാൽ 1,015 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് ഹ്യുണ്ടേയിയുടെ അവകാശവാദം.




