നിക്ഷേപസൗഹൃദ കേരളത്തിനായി എം.കെ. രാഘവൻ; യന്ത്ര മഹോത്സവത്തിന് തുടക്കം

കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന വേദിയായി മനോരമ ക്വിക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ മാറിയെന്ന് ലോക്സഭാംഗം എം.കെ. രാഘവൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വ്യാവസായിക രംഗത്തെ പ്രതാപം വീണ്ടെടുക്കാൻ ഇത്തരം മേളകൾ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുകയെന്നത് അനിവാര്യമാണ്. അനാവശ്യമായ ചുവപ്പുനാടകൾ കാരണം സംരംഭകരുടെ അപേക്ഷകൾ തടസ്സപ്പെടുന്നത് ഒഴിവാക്കണം. കേരളത്തിൽ നിക്ഷേപസൗഹൃദ അന്തരീക്ഷമില്ലെന്ന പൊതുവായ പരാതി തനിക്കുണ്ടെന്നും, ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന വീഴ്ചകൾ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വികസനത്തിനായി സർക്കാർ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും കോഴിക്കോട് മനോരമ ക്വിക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എം.കെ. രാഘവൻ ആവശ്യപ്പെട്ടു.
പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള ബിസിനസുകൾ നവീകരിക്കാൻ ലക്ഷ്യമിടുന്നവർക്കും മികച്ച വേദിയാണ് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്നത്. കുറഞ്ഞ മുതൽമുടക്കിൽ സ്വന്തമായി ബിസിനസ് തുടങ്ങാൻ സഹായിക്കുന്ന നൂതന യന്ത്രസാമഗ്രികളും സാങ്കേതികവിദ്യകളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പൊതുജനങ്ങൾക്ക് എക്സ്പോ സന്ദർശിക്കാം. നവംബർ 15 വരെയാണ് മേള നടക്കുക.
എക്സ്പോയുടെ ആദ്യ ദിനം തന്നെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. നൂതന ബിസിനസ് ആശയങ്ങൾ തേടിയെത്തിയവരും യന്ത്രസാമഗ്രികൾ വാങ്ങാനെത്തിയവരും സന്ദർശകരിൽ ഉൾപ്പെടുന്നു. 300-ഓളം സ്റ്റാളുകളിലായി 200-ൽ പരം ബ്രാൻഡുകൾ മേളയിൽ അണിനിരക്കുന്നുണ്ട്. വീട്ടുപകരണങ്ങളുടെ മെഗാ ഡിസ്കൗണ്ട് മേളയും ഹിറാസ് കാറ്ററിങ് ആൻഡ് ഇവന്റ്സ് ഒരുക്കുന്ന ഫുഡ് കോർട്ടും മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
നവംബർ 13-ന് നടക്കുന്ന രണ്ട് സെമിനാറുകൾ എക്സ്പോയുടെ പ്രത്യേക ആകർഷണമാണ്. ഉച്ചയ്ക്ക് മൂന്നിന് ‘ചാണകം കർഷകന്റെ പച്ചപ്പൊന്നാണ്, മണ്ണിന്റെ ജീവനാണ്, നാളെയുടെ സമ്പത്താണ്’ എന്ന വിഷയത്തിൽ ബി.ടി. നമ്പൂതിരീസ് ഹരിത അഗ്രിടെക് മാനേജിങ് ഡയറക്ടർ ബി.ടി.എൻ. ശങ്കരനാരായണൻ നമ്പൂതിരി സംസാരിക്കും. തുടർന്ന്, വൈകിട്ട് 5.30-ന് ‘ബേക്കിങ് ഇൻ ഇന്ത്യ: ഫ്യൂച്ചർ ട്രെൻഡ്സ് ആൻഡ് ദ ബേക്ക്-ഫോർ-ഹെൽത്ത് റെവല്യൂഷൻ’ എന്ന വിഷയത്തിൽ ആവിസ് വേൾഡ്വൈഡ് എജ്യുക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും ആവിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിങ് ആൻഡ് പേസ്ട്രി മാനേജിങ് ഡയറക്ടറുമായ സിജോ ജോർജ് സെമിനാറിൽ ക്ലാസെടുക്കും.




