യുവതിയിൽനിന്ന് പണം തട്ടി, ചിത്രം മോർഫ് ചെയ്ത് ഭീഷണി; മിമിക്രി കലാകാരൻ അറസ്റ്റിൽ

വിഴിഞ്ഞം ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശിയായ മിമിക്രി കലാകാരനെ പൊലീസ് പിടികൂടി. തൃശൂർ അരനാട്ടുകര ഒളരിക്കര പുല്ലഴി വെങ്കിടങ്ങ് ഹൗസിൽ വി.ബി. സതീഷ് (47) എന്ന സതീഷ് ഒളരിയെയാണ് വിഴിഞ്ഞം എസ്എച്ച്ഒ കെ. ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ സഹോദരിക്ക് എതിരെയും സമാനമായ രീതിയിൽ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി യുപിഐ വഴി 1.25 ലക്ഷം രൂപ യുവതിയിൽ നിന്നും ഇയാൾ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഇതിനു പുറമെ, 20,300 രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനെന്ന വ്യാജേന 20,400 രൂപയും പ്രതി കൈക്കലാക്കിയെന്ന് പൊലീസ് അറിയിച്ചു.




