യൂണിവേഴ്സിറ്റി കോളജ് അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

തിരുവനന്തപുരം പൂജപ്പുര ചാടിയറ ലൈനിലെ വസതിയിൽ യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പൂർണിമ ജെ. പ്രകാശിനെ (45) മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിനിയായ അധ്യാപികയുടെ മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുറച്ചുദിവസങ്ങളായി പൂർണിമ അവധിയിലായിരുന്നു.
ബുധനാഴ്ച അവധി കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതായിരുന്നുവെങ്കിലും ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഇവരുടെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. വസതിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൂജപ്പുര പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അവിവാഹിതയായ പൂർണിമയുടെ അടുത്ത ബന്ധുക്കളാരും ജീവിച്ചിരിപ്പില്ല. മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




