NEWS
കോവളം സ്പാ പീഡനക്കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം∙ കോവളത്തെ ഒരു സ്പായിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയെ അന്വേഷണ സംഘം പിടികൂടി. കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശിയായ ജമിലിനെ (24) കന്യാകുമാരിയിലെ കരിങ്കൽ എന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സ്പായിൽ വെച്ച് പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് ഇരയാക്കിയതായി പൊലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളും സ്പായിലെ സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്ററും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഈ ക്രൂരകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി ഉയർന്നു.




