NEWS

പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി നാളെ നാട്ടിലെത്തും

കൊല്ലം∙ പാസ്‌പോർട്ടും മറ്റ് ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇറാനിലെ ബന്ദർ ലെംഗെ തുറമുഖത്തെ ഒരു ഹോട്ടലിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്ന അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷ് (22) വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും. അക്ഷയ്യെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ അടിയന്തര ഇടപെടലുകളാണ് വഴിത്തിരിവായത്. അക്ഷയ്യുടെ മാതാവ് സരിതയുമായി മന്ത്രി വിഡിയോ കോളിലൂടെ സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മകൻ ഫോണിൽ ബന്ധപ്പെട്ടുവെന്നും, വലിയൊരു പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിച്ച കേന്ദ്രമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു.

പ്രാക്കുളം മണ്ണാശേരിൽ ഹരീഷ്-സരിത ദമ്പതികളുടെ മകനായ അക്ഷയ് കഴിഞ്ഞ രണ്ടര മാസമായി ഇറാനിൽ ദുരിതത്തിലായിരുന്നു. ഇറാനിലെ അലി ഷിപ്പിങ് കമ്പനിയുടെ കീഴിലുള്ള ‘പാം മറൈൻ’ എന്ന കപ്പലിൽ വാച്ച് കീപ്പർ തസ്തികയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഓഗസ്റ്റ് മാസത്തിൽ പാക്കിസ്ഥാനിൽ നിന്നും അരി കയറ്റി ഇറാനിലേക്ക് മടങ്ങുന്നതിനിടെയാണ് അക്ഷയ് ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരുടെ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. കപ്പൽ ക്യാപ്റ്റന്റെ നേതൃത്വത്തിൽ എട്ടുപേരുടെ രേഖകൾ ഒരു ബാഗിലാക്കി സൂക്ഷിച്ചിരുന്നെന്നും, അത് അപ്രത്യക്ഷമാവുകയായിരുന്നെന്നുമാണ് സൂചന. കപ്പൽ ക്യാപ്റ്റൻ ഇറാൻ സ്വദേശിയായതിനാൽ, തുറമുഖത്ത് എത്തിയ ഉടൻ തന്നെ അദ്ദേഹം പുറത്തേക്ക് പോയതായും വിവരമുണ്ട്.

Fashion ⏭️

Back to top button