മുട്ട വിലക്കയറ്റം: ഹോട്ടലുകളും ബേക്കറികളും പ്രതിസന്ധിയിൽ

പാലക്കാട്: സംസ്ഥാനത്ത് കോഴിമുട്ടയുടെ വിലയിൽ വൻ വർദ്ധനവ്. വെറും മൂന്ന് ദിവസം കൊണ്ട് മൊത്തവ്യാപാര വിപണിയിൽ 5 രൂപ 20 പൈസയായിരുന്ന മുട്ടയുടെ വില 7 രൂപ 50 പൈസയിലേക്കാണ് കുതിച്ചുയർന്നത്. ചില്ലറ വിപണിയിൽ ഒരു കോഴിമുട്ടയ്ക്ക് 8 രൂപയോളം നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ. നാടൻ മുട്ടയുടെ വിലയിലും വൻ കുതിപ്പുണ്ടായിട്ടുണ്ട്; നിലവിൽ ഒരു നാടൻ മുട്ടയ്ക്ക് 12 രൂപയാണ് ഈടാക്കുന്നത്. കാലിത്തീറ്റയുടെ വിലക്കയറ്റവും ഉത്തരേന്ത്യൻ വിപണിയിലെ ഉയർന്ന ഡിമാൻഡുമാണ് മുട്ടയുടെ വില കുത്തനെ കൂടാൻ കാരണമായിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ വിലവർദ്ധനവ് തുടരാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഉൽപ്പാദനച്ചെലവിലുണ്ടായ വർദ്ധനവും ആവശ്യകതയിലുണ്ടായ കുതിച്ചുചാട്ടവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. കോഴിത്തീറ്റയിലെ പ്രധാന ഘടകങ്ങളായ ചോളത്തിന്റെയും സോയയുടെയും വിലയിലുണ്ടായ വൻ വർദ്ധനവ് ഉൽപ്പാദനച്ചെലവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര സീസൺ എത്തിയതോടെ ബേക്കറികളിൽ കേക്ക് നിർമ്മാണത്തിനായി മുട്ട വൻതോതിൽ സംഭരിക്കുന്നതും വിപണിയിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇതിനുപുറമെ, ഉത്തരേന്ത്യയിൽ തണുപ്പുകാലം തുടങ്ങിയതോടെ മുട്ടയ്ക്കുള്ള ആവശ്യം അവിടെ വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിലേക്ക് എത്തേണ്ട മുട്ടകൾക്ക് മുൻഗണന ലഭിക്കാത്തതും വിതരണത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. തട്ടുകടകൾ, ഹോട്ടലുകൾ, ബേക്കറി മേഖലകൾ എന്നിവയെല്ലാം വലിയ പ്രതിസന്ധിയിലാണ്. മുട്ട വിഭവങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും നിർമ്മാണച്ചെലവ് കൂടിയതോടെ സാധാരണക്കാരുടെ ബഡ്ജറ്റ് താളം തെറ്റുന്ന അവസ്ഥയാണുള്ളത്.
കോഴികർഷകരും ദുരിതത്തിൽ
എഥനോൾ നിർമ്മാണത്തിനായി ചോളം വൻതോതിൽ ഉപയോഗിച്ചു തുടങ്ങിയതോടെ കോഴിത്തീറ്റ നിർമ്മാണ മേഖല ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് മുൻപ് 1,800 മുതൽ 2,000 രൂപ വരെയായിരുന്ന വില ഇപ്പോൾ 2,760 രൂപയായി കുതിച്ചുയർന്നു. കേന്ദ്രത്തിന്റെ എഥനോൾ നയം മൂലം ഉണ്ടായ ഉയർന്ന ഉൽപ്പാദനച്ചെലവ് താങ്ങാൻ കഴിയാതെ സംസ്ഥാനത്തെ പല ചെറുകിട കോഴികർഷകരും ഈ മേഖലയിൽ നിന്നും പിന്മാറേണ്ട സാഹചര്യമാണുള്ളത്.




