‘യഥാർത്ഥ സീനിയോരിറ്റി പ്രതിഫലിക്കുന്നത് പെരുമാറ്റത്തിലാണ്’; അവതാരകയെ പിന്തുണച്ച് നടി അവന്തിക

ഉർവശി, അവന്തികാ മേനോൻ
സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയെ നടി ഉർവശി പരിഹസിച്ച സംഭവത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അവതാരകയായ ദക്ഷ രവീന്ദ്രനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള അവകാശമല്ലെന്നും മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർത്ഥ സീനിയോറിറ്റി പ്രതിഫലിക്കുന്നതെന്നും തുറന്നടിച്ചിരിക്കുകയാണ് നടി അവന്തിക.
‘മലയാളം അറിയാം എന്നതുകൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ പരിഹസിക്കാനുള്ള അവകാശം ആർക്കും നൽകുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ട് ആരും വലിയവരാകുന്നുമില്ല. ഒരാളെ മലയാളത്തിൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് നല്ലൊരു കാര്യമാണ്. എന്നാൽ, ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിൽ അവരെ പരിഹസിക്കുന്നത് മറ്റൊന്നാണ്. ഭാഷയെന്നത് ഒരാളുടെ കഴിവാണ്. അല്ലാതെ ബുദ്ധിയുടെയോ വർഗത്തിന്റെയോ സ്വഭാവത്തിന്റെയോ അളവുകോലുകളല്ല.
അസ്വസ്ഥതയുണ്ടാക്കുന്ന ആ നിമിഷത്തെ അവതാരക വളരെ മാന്യതയോടെയും അതീവ ശാന്തതയോടെയുമാണ് കൈകാര്യം ചെയ്തത്. മറ്റുള്ളവരോട്, പ്രത്യേകിച്ച് തങ്ങളാൽ കഴിയുന്നത്ര ശാന്തരായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർത്ഥ സീനിയോരിറ്റി പ്രതിഫലിക്കുന്നത്. അവർ തീർച്ചയായും ഒരു മികച്ച നടി തന്നെയാണ്. നിർഭാഗ്യവശാൽ ഇത്തരം നിമിഷങ്ങൾ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ഈ രംഗം എന്നെ സത്യത്തിൽ അസ്വസ്ഥയാക്കി. അവതാരകയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്ന് യാതൊരു ഊഹവുമില്ല. അവരോടെനിക്ക് വലിയ സ്നേഹം തോന്നുന്നു’-അവന്തിക സോഷ്യൽ മീഡിയയിൽ കുറിച്ചു. അവതാരക ദക്ഷ രവീന്ദ്രനെ പിന്തുണച്ച് ഇൻഫ്ലുവൻസർ പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു അവന്തികയുടെ പ്രതികരണം. സുപ്രിയാ മേനോനും പോസ്റ്റിന് താഴെ പ്രതികരണവുമായെത്തിയിരുന്നു.
Business ⏭️


