സഹീദ് അറാഫത്ത് ചിത്രം ഇടുക്കിയിൽ, ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ഒരുമിക്കുന്നു

തങ്കത്തിന് ശേഷം സഹീദ് അറഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന വേഷത്തിൽ എത്തുന്നു. രണ്ട് കേന്ദ്രകഥാപാത്രങ്ങൾ കൂടിയുണ്ട്. ഇൗ വേഷങ്ങൾ അവതരിപ്പിക്കുന്ന ആരെന്ന് തീരുമാനമായിട്ടില്ല. സെപ്തംബർ ആദ്യം ഇടുക്കിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് അജി പീറ്റർ തങ്കം തിരക്കഥ എഴുതുന്നു. കെട്ട്യോളാണ് എന്റെ മാലാഖ , അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അജി പീറ്റർ തങ്കം. പ്രകമ്പനത്തിന്റെ മികച്ച വിജയത്തിനുശേഷം നവരസ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.
2017ൽ പുറത്തിറങ്ങിയ തീരം ആണ് സഹീദ് അറാഫത്തിന്റെ ആദ്യ ചിത്രം. അനശ്വര നടൻ രതീഷിന്റെ മകൻ പ്രണവ് രതീഷായിരുന്നു നായകൻ. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ തങ്കം ആണ് സഹീദിന്റെ രണ്ടാമത്തെ ചിത്രം.
അതേസമയം, ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് കിരൺ ജോസി സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത്- സന്ദീപ് പ്രദീപ് ചിത്രത്തിൽ പ്രധാന വേഷത്തിൽ ദിലീഷ് പോത്തൻ എത്തുന്നുണ്ട്. പൊള്ളാച്ചിയിൽ അവസാനഘട്ട ചിത്രീകരണത്തിലാണ്. സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ സുജിന ശ്രീധരൻ ആണ് ഇന്ദ്രജിത്തിന്റെ നായിക.നർത്തകിയായ സുജിനയുടെ അഭിനയ അരങ്ങേറ്റം ആണ്.
Business ⏭️


