ക്രമക്കേട്, സാമ്പത്തിക നഷ്ടം: കിഫ്ബിക്ക് പൂട്ടിടാൻ സർക്കാർ, ഇനി വായ്പയെടുക്കില്ല

,
പദ്ധതികൾ ഏറ്റെടുക്കില്ല
തിരുമാനം അടുത്ത
മന്ത്രിസഭായോഗത്തിൽ
തിരുവനന്തപുരം: വൻ ക്രമക്കേട് നടന്നുവെന്നും സർക്കാരിന് വലിയ സാമ്പത്തിക നഷ്ടവുമുണ്ടാക്കിയെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിഫ്ബിക്ക് പൂട്ടിടാനൊരുങ്ങി യു.ഡി.എഫ് സർക്കാർ. ഇതുസംബന്ധിച്ച അന്വേഷണവും തുടർനടപടികളും അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കഴിഞ്ഞ ഇടതു സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു കിഫ്ബി. നിലവിലെ രീതിയിൽ കിഫ്ബി തുടരേണ്ടെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
മോട്ടോർ വാഹന നികുതി നേരിട്ട് കിഫ്ബിക്ക് നൽകുന്നത് നിറുത്തും. കിഫ്ബിയുടെ പേരിൽ ഇനി വായ്പയെടുക്കില്ല. പുതിയ പദ്ധതികളും ഏറ്രെടുക്കില്ല. പദ്ധതികൾക്ക് സർക്കാർ ഗ്യാരന്റിയും നൽകില്ല. നിലവിലെ പദ്ധതികൾ തുടരും. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തു വച്ചു. കിഫ്ബിയുടെ മറവിൽ ഭൂമി കച്ചവടം നടന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ധനവകുപ്പിനെ അപ്രസക്തമാക്കി സൂപ്പർ കാബിനറ്റ് മട്ടിലായിരുന്നു കിഫ്ബി പ്രവർത്തനം. ധനവകുപ്പിന്റെ എതിർപ്പുപോലും മറികടന്ന് വ്യവസ്ഥകൾക്ക് വിരുദ്ധമായി പല പദ്ധതികൾക്കും സർക്കാർ ഗ്യാരന്റി നൽകി. സർക്കാർ വകുപ്പുകളെ ദുർബലമാക്കി. കിഫ്ബിയുടെ വായ്പകൾ നിറുത്തിവയ്ക്കണം. അധികമായി നിയോഗിച്ച 420ലേറെ ജീവനക്കാരെ ഒഴിവാക്കണം. കഴിഞ്ഞ പത്തുവർഷത്തെ കിഫ്ബിയുടെ പ്രവർത്തനം ഒാഡിറ്റ് ചെയ്യാൻ സി.എ.ജിക്ക് ശുപാർശ ചെയ്യാനും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
‘കണ്ണൂരി വമ്പൻ ഭൂമി ഇടപാട്’
കിഫ്ബിയുടെ പേരിൽ ഒരാവശ്യവുമില്ലാതെ കോടിക്കണക്കിന് രൂപയ്ക്ക് ഭൂമി വാങ്ങിയെന്നും റിപ്പോർട്ടിൽ. കണ്ണൂരിൽ മാത്രം 2489 കോടിക്ക് 1000 ഏക്കർ ഭൂമി വാങ്ങി. 9572കോടി ചെലവിട്ട് മറ്റൊരു 3829 ഏക്കർ വാങ്ങാൻ വിജ്ഞാപനമിറക്കി. ഇതെല്ലാം ഉപയോഗിച്ച് ആകെ രണ്ട് പദ്ധതികളിലായി 50 ഏക്കറിന്റെ വിനിയോഗം മാത്രമാണുള്ളത്. എന്തിനാണ് ഇത്രയധികം ഭൂമി വാങ്ങിയതെന്നതിന് ഉത്തരമില്ല. വിപണിവിലയുടെ അഞ്ചിരട്ടി കൂടുതൽ വിലയ്ക്കാണ് ഭൂമി വാങ്ങിയത്.
വരുത്തിയ നഷ്ടം
39,036 കോടി
1.സർക്കാർ നേരിട്ടായിരുന്നെങ്കിൽ 48,574.82 കോടിക്ക് നടത്താമായിരുന്ന പദ്ധതി കിഫ്ബി നടപ്പാക്കുന്നത് 61,678.46 കോടിക്ക്. അധികചെലവ് 13103.64 കോടി
2.കിഫ്ബി വായ്പയെടുത്തതിന്റെ പേരിൽ സർക്കാരിന്റെ വായ്പാപരിധിയിൽ കേന്ദ്രസർക്കാർ കുറച്ചത് 25,932.53 കോടി. ഇതു രണ്ടുംകൂടി ചേർത്താൽ കിഫ്ബിയുണ്ടാക്കിയ നഷ്ടം 39,036.17കോടി.
“കിഫ്ബി തുടർന്നാൽ സംസ്ഥാനവും സർക്കാരും തകർന്നുപോകും.നിലവിലെ ധനപ്രതിസന്ധിക്ക് തന്നെ പ്രധാന കാരണം കിഫ്ബി മോഡൽ നടപ്പാക്കിയതാണ്.”
മുഖ്യമന്ത്രി വി.ഡി.സതീശൻ




