എബിന്റെ പേരിൽ വൻ സാമ്പത്തിക ഇടപാടുകൾ

കൊച്ചി: എറണാകുളം ജൂതപ്പള്ളി തീവയ്പ് കേസിലെ പ്രതി എബിൻ ബി. പോൾ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ. സംഭവത്തെ നിസ്സാരമായി കാണാനാവില്ലെന്നും മൂവാറ്റുപുഴയിലെ തീവയ്പ് കേസിലും പ്രതിക്ക് പങ്കുണ്ടെന്നും എബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള വാദത്തിനിടെ പ്രോസിക്യൂഷൻ പറഞ്ഞു. ഇക്കാര്യങ്ങളിലടക്കം വിപുലമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാൻ എബിനെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എറണാകുളം മജിസ്ട്രേട്ട് കോടതി അനുവദിച്ചു.
അതേസമയം, മാനസിക പ്രശ്നത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എബിനെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതി കസ്റ്റഡിയിൽ കഴിയുന്ന കാലയളവിൽ മെഡിക്കൽ പരിശോധന നടത്തി ആവശ്യമായ മരുന്നും ചികിത്സയും ഉറപ്പാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. 48 മണിക്കൂർ കൂടുമ്പോൾ പ്രതിയുടെ ആരോഗ്യനിലയും കസ്റ്റഡി സംബന്ധിച്ച റിപ്പോർട്ടും കോടതിക്ക് കൈമാറാനും നിർദേശിച്ചു. തുടർന്നാണ് 5 ദിവസത്തേക്ക് എറണാകുളം സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
ജൂതപ്പള്ളി തീവയ്പ്: എബിന്
5 മിനിട്ടിനകം കിട്ടിയത് 2 ലക്ഷം
സ്വന്തംലേഖകൻ
കൊച്ചി: ജൂതപ്പള്ളിയുടെ കവാടത്തിനു തീയിട്ട് അഞ്ചു മിനിട്ടിനകം പ്രതി എബിൻ ബി.പോളിന്റെ അക്കൗണ്ടിലേക്ക് പാകിസ്ഥാനി ’ബോസ്” കൈമാറിയത് രണ്ടുലക്ഷം രൂപ. മുമ്പ് മൂവാറ്റുപുഴ മേക്കടമ്പിലെ യൂസ്ഡ് കാർഷോറൂമിലേക്ക് പെട്രോൾബോംബെറിഞ്ഞപ്പോൾ 5000രൂപയായിരുന്നു പ്രതിഫലം. പ്രതിഫലം ഉയർത്തി, വൻകുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.
തിങ്കളാഴ്ച പുലർച്ചെ 2.30ന് ജൂതപ്പള്ളിതീവയ്പ്പിനു പിന്നാലെ ക്രിപ്റ്റോകറൻസിയായി പണമെത്തി. തീകൊളുത്തുന്ന ദൃശ്യങ്ങൾ ബോസിന് എബിൻ അയച്ചിരുന്നു. പുത്തൻകുരിശിലെ വീട്ടിൽനിന്ന് പെട്രോളുമായി പുറപ്പെട്ട എബിന്റെ നീക്കങ്ങൾ ബോസിന്റെ നിരീക്ഷണത്തിലായിരുന്നു.
7ന് രാത്രിയിൽ ജൂതപ്പള്ളിക്കുമുന്നിലെത്തി ഫോട്ടോയെടുത്ത് ബോസിന് അയച്ചു. തീവയ്ക്കേണ്ട സ്ഥലം സ്ഥിരീകരിക്കാനായിരുന്നു ഇത്. ഡൽഹിയുൾപ്പെടെയുളള സ്ഥലങ്ങളിലും സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നു. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പ്രതിയെ എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ്ജോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ആവശ്യമെങ്കിൽ യു.എ.പി.എ വകുപ്പുകൾ ചുമത്തും. ലഹരിയ്ക്കായി എബിൻ ഡാർക്ക് വെബ്ബിൽ തിരഞ്ഞിരുന്നു. ഇതാണ് തീവ്രവാദികളിലേക്കെത്തിച്ചത്.




