എഐ നിർദേശപ്രകാരം അപസ്മാര മരുന്ന് കുറച്ചു; വനിതാ എൻജിനീയറുടെ അവസ്ഥ ഗുരുതരം

വാഷിങ്ടൺ: നിസാരമായ ശാരീരിക അസ്വസ്ഥതകൾക്ക് പരിഹാരം തേടുന്നതിനും, രോഗനിർണ്ണയത്തിനും, ഭക്ഷണക്രമങ്ങൾ തീരുമാനിക്കുന്നതിനുമെല്ലാം കൃത്രിമബുദ്ധി അഥവാ എ.ഐ ചാറ്റ്ബോട്ടുകളെ അമിതമായി ആശ്രയിക്കുന്നത് പുതിയ തലമുറയിൽ ഒരു ശീലമായി മാറിക്കഴിഞ്ഞു. എന്നാൽ, ഈ പ്രവണത എത്രത്തോളം അപകടകരമാണെന്ന് അടിവരയിടുന്നതാണ് സിയാറ്റിലിൽ നടന്ന മുപ്പത്തിയൊന്നുകാരിയായ സോഫ്റ്റ്വെയർ എൻജിനീയറുടെ ദാരുണമായ മരണം. അപസ്മാര രോഗിയായിരുന്ന ബോവൻ വാൻ ഈ വർഷം ഫെബ്രുവരിയിലാണ് മരണത്തിന് കീഴടങ്ങിയത്.
തന്റെ രോഗാവസ്ഥ കൈകാര്യം ചെയ്യാൻ മകൾ എ.ഐ ചാറ്റ്ബോട്ടിന്റെ നിർദ്ദേശങ്ങളെ അന്ധമായി വിശ്വസിച്ചുവെന്നും, അതിലൂടെ ലഭിച്ച തെറ്റായ ഉപദേശത്തെത്തുടർന്ന് അപസ്മാരത്തിനുള്ള മരുന്ന് നിർത്തിയതാണ് മരണത്തിൽ കലാശിച്ചതെന്നും കാണിച്ച് യുവതിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചു. ഓപ്പൺഎഐയ്ക്കും അവരുടെ സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെയാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 27-ന് സമർപ്പിക്കപ്പെട്ട പരാതി പ്രകാരം, ‘ലാമോട്രിജിൻ’ എന്ന അപസ്മാര മരുന്നിന്റെ അളവ് പ്രതിദിനം 400 മില്ലിഗ്രാമിൽ നിന്നും ഘട്ടംഘട്ടമായി പൂജ്യത്തിലേക്ക് എത്തിക്കാൻ ചാറ്റ്ബോട്ട് 25 ദിവസത്തെ ഒരു പദ്ധതി തയ്യാറാക്കി നൽകിയതായി ആരോപിക്കപ്പെടുന്നു.
ഈ വിവരം ഡോക്ടർമാരിൽ നിന്ന് മറച്ചുവെക്കാൻ ചാറ്റ്ബോട്ട് യുവതിയെ പ്രേരിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടമായ ഘട്ടത്തിൽ അവൾ ചാറ്റ്ബോട്ടിനോട് സംസാരിച്ചപ്പോൾ, ആശങ്കപ്പെടേണ്ടതില്ലെന്ന രീതിയിലുള്ള മറുപടികളാണ് ലഭിച്ചത്. പെട്ടെന്നുണ്ടാകുന്ന അപസ്മാരമാണ് വാനിന്റെ മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. മരുന്നിന്റെ അളവ് കുറയ്ക്കാൻ ചാറ്റ്ബോട്ട് നൽകിയ തെറ്റായ ഉപദേശമാണ് അവളുടെ ജീവൻ അപഹരിച്ചതെന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നുവെന്ന് ‘ദ ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
ചികിത്സാ കാര്യങ്ങളിൽ ചാറ്റ്ബോട്ടുകളെ അമിതമായി ആശ്രയിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ സംഭവം വലിയൊരു മുന്നറിയിപ്പാണ്. ദീർഘകാലമായി അപസ്മാര ലക്ഷണങ്ങൾ ഇല്ലാത്തവർ പോലും മരുന്നുകൾ സ്വയം നിർത്തിയാൽ രോഗം വീണ്ടും വരാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മരുന്നുകൾ മാറ്റണമെങ്കിൽ ഒരു ന്യൂറോളജിസ്റ്റിന്റെയോ വിദഗ്ധ ഡോക്ടറുടെയോ കൃത്യമായ നിരീക്ഷണവും നിർദ്ദേശവും അനിവാര്യമാണ്.
ചില ഘട്ടങ്ങളിൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം ഡോക്ടർമാർ തന്നെ മരുന്നുകളിൽ മാറ്റം വരുത്താറുണ്ട്. എന്നാൽ അതൊരു ശാസ്ത്രീയമായ വിലയിരുത്തലിന് ശേഷമായിരിക്കും. സ്വയം മരുന്ന് കുറയ്ക്കുന്നത് അതീവ അപകടകരമാണ്. ലാമോട്രിജിൻ പോലുള്ള മരുന്നുകളുടെ കാര്യത്തിൽ മേൽനോട്ടമില്ലാതെ ഡോസ് കുറച്ചാൽ അത് രോഗത്തെ നിയന്ത്രണാതീതമാക്കും. ഒരു ഘട്ടത്തിൽ ചികിത്സ മുടങ്ങിയാൽ, പിന്നീട് ഡോക്ടറുടെ ഉപദേശമില്ലാതെ പഴയതുപോലെ മരുന്ന് കഴിച്ചു തുടങ്ങുന്നതും സുരക്ഷിതമല്ല. മരുന്ന് എത്രകാലം നിർത്തിയിരുന്നു എന്നതനുസരിച്ച് വീണ്ടും ഡോസ് ക്രമീകരിക്കേണ്ടി വരും. ലാമോട്രിജിൻ പോലുള്ള മരുന്നുകൾ പെട്ടെന്ന് പുനരാരംഭിക്കുന്നത് ചർമ്മ രോഗങ്ങളടക്കമുള്ള ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകും.
ന്യൂറോളജിസ്റ്റിന് പകരമാകാൻ എ.ഐക്ക് കഴിയില്ല
മെഡിക്കൽ വിവരങ്ങൾ ലളിതമായി വിശദീകരിക്കാനും ആരോഗ്യ സംബന്ധിയായ പൊതുവിവരങ്ങൾ നൽകാനും ചാറ്റ്ബോട്ടുകൾക്ക് സാധിക്കും. എന്നാൽ, ഒരു രോഗിയെ നേരിട്ട് കണ്ട് ചികിത്സ നിർണ്ണയിക്കാൻ ഇവയ്ക്ക് ഒരിക്കലും കഴിയില്ല. ഒരു ന്യൂറോളജിസ്റ്റ് രോഗിയുടെ ചികിത്സാ ചരിത്രം, മുൻകാല റിപ്പോർട്ടുകൾ, ലക്ഷണങ്ങൾ എന്നിവ പരിശോധിച്ച ശേഷമേ മരുന്നുകളിൽ എന്തെങ്കിലും മാറ്റം വരുത്താൻ നിർദ്ദേശിക്കൂ. കൂടാതെ, ആവശ്യമെങ്കിൽ രക്തപരിശോധനകളും മറ്റ് മെഡിക്കൽ പരിശോധനകളും ഡോക്ടർമാർ ശുപാർശ ചെയ്യും.
ഒരു ചാറ്റ്ബോട്ടിന് സ്വതന്ത്രമായി ഒരു ന്യൂറോളജിക്കൽ പരിശോധന നടത്താനോ, രോഗലക്ഷണങ്ങൾ അപസ്മാരമാണോ അതോ മറ്റ് മെഡിക്കൽ പ്രശ്നങ്ങളാണോ എന്ന് തിരിച്ചറിയാനോ ഉള്ള കഴിവില്ല. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ അപൂർണ്ണമായിരിക്കാനും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാൽ, ഇത്തരം കാര്യങ്ങളിൽ എ.ഐയെ വിശ്വസിക്കാതെ ചികിത്സയ്ക്കായി എപ്പോഴും യോഗ്യരായ ഡോക്ടർമാരുടെ സേവനം തേടണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ കർശനമായി ഓർമ്മിപ്പിക്കുന്നു.




