അനൂപ് സത്യൻ ചിത്രം: മോഹൻലാലിനൊപ്പം വീണ്ടും കുട്ടികൾ

അനൂപ് സത്യൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നു. കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായ ഈ സിനിമയിൽ മുകേഷ്, സംഗീത് പ്രതാപ്, അജു വർഗീസ്, രാജേഷ് മാധവൻ, ഇവ തെന്നൽ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ഇതിനു പുറമെ കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് നാടക പ്രവർത്തകരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനൊപ്പം രണ്ട് പെൺകുട്ടികളെ കാണാം. സൈൻ ലാംഗ്വേജിൽ ‘ഐ ലവ് യു’ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ മോഹൻലാലിന്റെ ആംഗ്യങ്ങൾ പോസ്റ്ററിലുണ്ട്. ഇതിലെ ‘എൽ’ എന്ന അക്ഷരം ആംഗ്യഭാഷയിലാണ് നൽകിയിരിക്കുന്നത്. നായക കഥാപാത്രത്തിന് സംസാരശേഷിയിൽ പരിമിതിയുണ്ടോ എന്ന ചർച്ചകൾ ഇതിനകം ആരാധകർക്കിടയിൽ സജീവമായിക്കഴിഞ്ഞു. ‘ഒപ്പം’ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ വീണ്ടും കുട്ടികളോടൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന സ്വിച്ച് ഓൺ കർമ്മത്തോടെയാണ് സിനിമയ്ക്ക് തുടക്കമായത്. മോഹൻലാൽ, സുചിത്ര മോഹൻലാൽ, സത്യൻ അന്തിക്കാട്, അനൂപ് സത്യൻ, ആന്റണി പെരുമ്പാവൂർ, മുകേഷ്, ടൊവിനോ തോമസ്, ആന്റണി വർഗീസ്, സംഗീത് പ്രതാപ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ‘L 368’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം അനൂപ് സത്യന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ഇടുക്കി, മംഗലാപുരം കൂടാതെ കർണാടകയിലെ വിവിധ ഇടങ്ങളും ലൊക്കേഷനുകളായി മാറും.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്. ഷഹ്നാദ് ജലാലാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈതപ്രം വരികൾ എഴുതുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. പ്രശാന്ത് മാധവ് കലാസംവിധാനവും സുജിത് സുധാകർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സജീവ് സജി മേക്കപ്പും അനിൽ രാധാകൃഷ്ണൻ സിങ്ക് സൗണ്ടും കൈകാര്യം ചെയ്യുമ്പോൾ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് സ്റ്റണ്ട് സിൽവയാണ്. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തിരിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്.




