ഫ്രാൻസിലെ പ്രക്ഷോഭം: ചൈനീസ് കമ്പനിക്ക് ലഭിച്ചത് കോടികളുടെ സൗജന്യ പരസ്യം

ഫ്രാൻസിൽ പടർന്നുപിടിക്കുന്ന യുവജന പ്രക്ഷോഭം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതസാഹചര്യങ്ങൾ കടുപ്പമാക്കുന്ന വിലക്കയറ്റം, സ്കൂളുകളിലെ അധ്യാപക ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ, പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം തുടങ്ങിയവയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ലക്ഷക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഫ്രാൻസിലെ പല ഭാഗങ്ങളിലും പ്രക്ഷോഭം അക്രമാസക്തമായി മാറുകയും, പലയിടത്തും കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. ഇതിനിടയിൽ, പ്രക്ഷോഭകർ ഒരു കടയുടെ ചില്ലുവാതിൽ തകർക്കാൻ പരമാവധി പരിശ്രമിച്ചിട്ടും പരാജയപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഈ വിഡിയോ പുറത്തുവിട്ട ചൈനീസ് കമ്പനിയാകട്ടെ, ഒറ്റരാത്രികൊണ്ട് ലോകശ്രദ്ധ നേടുകയും ചെയ്തു.
ഹെങ്ഷിൻഫെങ് സ്പെഷൽ ഗ്ലാസസ് എന്ന കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ആഗോളതലത്തിൽ തരംഗമായി മാറിയത്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ ലൂയി വിറ്റോണിന്റെ പാരീസിലെ ഷോറൂമിന് നേരെ നടന്ന ആക്രമണത്തിനിടെയാണ് ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് സൂചന. ‘തകർക്കാനാവാത്ത ഗ്ലാസ്’ എന്ന അടിക്കുറിപ്പോടെ കമ്പനി പോസ്റ്റ് ചെയ്ത വിഡിയോ, ഒരു പൈസ പോലും ചെലവില്ലാതെ അവർക്ക് ലഭിച്ച മികച്ച പരസ്യമായി മാറി. യുവാക്കൾ ചാടിയും ചവിട്ടിയും വടികൊണ്ട് ആഞ്ഞടിച്ചുമെല്ലാം ചില്ല് പൊട്ടിക്കാൻ ശ്രമിക്കുന്നതും, എന്നാൽ ചില പോറലുകൾ വീണു എന്നല്ലാതെ ചില്ല് തകരാതെ നിൽക്കുന്നതുമാണ് വിഡിയോയിലുള്ളത്. അപ്രതീക്ഷിതമായി ലഭിച്ച ഈ ദൃശ്യങ്ങൾ വൈകാതെ തന്നെ കമ്പനി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
ചൈനയിലെ ഹെനാൻ പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഗ്ലാസ് നിർമ്മാണ കമ്പനിയാണ് ഹെങ്ഷിൻഫെങ്. ഉയർന്ന നിലവാരമുള്ള ഗ്ലാസ് ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും ഗവേഷണത്തിലും ഈ കമ്പനി ശ്രദ്ധേയമായ സാന്നിധ്യമാണ്. സ്ഫോടനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളവയും ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ളതുമായ അതീവ സുരക്ഷാ ഗ്ലാസുകളാണ് ഇവരുടെ പ്രധാന ഉൽപന്നങ്ങൾ. ബാങ്കുകൾ, സൈനിക കേന്ദ്രങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ, ജ്വല്ലറികൾ, മ്യൂസിയങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമുള്ള ഇടങ്ങളിലാണ് ഹെങ്ഷിൻഫെങ്ങിന്റെ നിർമ്മിതികൾ വ്യാപകമായി ഉപയോഗിക്കുന്നത്.




