വറ്റ മീൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിലായവർ ഏറെ; ജാഗ്രതാ നിർദ്ദേശം

വിൽപ്പനയ്ക്കായി നിരത്തിയ വറ്റമീൻ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബുധനാഴ്ചയുണ്ടായ ചാകരയെത്തുടർന്ന് വൻതോതിൽ ലഭിച്ച വറ്റമീൻ കഴിച്ച് 28 പേർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ മത്സ്യം കഴിച്ചവരിൽ ആർക്കെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടണമെന്ന് വർക്കല മുനിസിപ്പാലിറ്റി കർശന നിർദ്ദേശം നൽകി. വീടുകളിൽ വറ്റമീൻ വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ അവ ഉടൻ തന്നെ നശിപ്പിച്ചു കളയണമെന്നും മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചികിത്സയിലുള്ളവരിൽ അധികവും പുന്നമൂട് മാർക്കറ്റിൽ നിന്നും മീൻ വാങ്ങി ഉപയോഗിച്ചവരാണ്. സാധാരണ ദിവസങ്ങളിൽ കിലോയ്ക്ക് 550 രൂപ വരെ വിലയുണ്ടായിരുന്ന വറ്റമീൻ, ചാകരയിൽ ധാരാളമായി ലഭിച്ചതോടെ 120 മുതൽ 150 രൂപ വരെയുള്ള കുറഞ്ഞ നിരക്കിലാണ് വിറ്റഴിച്ചത്. ചാകരയിൽ ലഭിച്ച മീനുകൾക്കൊപ്പം പഴകിയവ കൂടി കലർത്തി വിറ്റതാകാം പ്രശ്നകാരണമെന്നാണ് പ്രാഥമിക നിഗമനം. ചാകര സമയത്ത് വൻതോതിൽ മീൻ ലഭിക്കുമ്പോൾ ശരിയായ രീതിയിൽ ഐസ് ചേർത്ത് സൂക്ഷിക്കാൻ സാധിക്കാത്തത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും. കൂടാതെ, വറ്റ പോലുള്ള കടൽ മത്സ്യങ്ങളിൽ കൃത്യമായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ‘ഹിസ്റ്റാമിൻ’ എന്ന വിഷാംശം അതിവേഗം രൂപപ്പെടാൻ സാധ്യതയേറെയാണ്.
മീൻ കഴിച്ചതിന് ശേഷം 10 മുതൽ 30 മിനിറ്റിനുള്ളിൽ മുഖത്ത് ചുവപ്പ് പടരുക, അമിതമായ ചൊറിച്ചിൽ, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഒട്ടും വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. വറ്റമീൻ വിൽപ്പന നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഈ വിഷബാധ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വർക്കല ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർ ഷാനി വ്യക്തമാക്കി.




