NEWS

പ്രവാസി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി നോർക്ക കെയർ; കനത്ത തിരിച്ചടിയിൽ പ്രതിഷേധം

അബുദാബി/ദുബായ് ∙ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഭീമമായ നിരക്കുകളിൽനിന്ന് രക്ഷപ്പെടാൻ നോർക്ക കെയർ പദ്ധതിയെ ആശ്രയിച്ച പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി പോളിസി തുകയിലെ വൻ വർധന. പ്രീമിയം തുകയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന ഉറപ്പിന് വിപരീതമായി, 13,411 രൂപയുണ്ടായിരുന്ന കുടുംബ പോളിസിയുടെ വാർഷിക പ്രീമിയം പ്രായമനുസരിച്ച് 35,664 മുതൽ 77,773 രൂപ വരെയായി കുത്തനെ ഉയർത്തിയത് പ്രവാസി സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്കാരം പ്രകാരം പ്രായത്തെ അടിസ്ഥാനമാക്കിയാണ് ഇനി ഇൻഷുറൻസ് നിരക്ക് ഈടാക്കുക. ഇതിൻപ്രകാരം, അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 51–60 വയസ്സുകാർ 35,664 രൂപയും, 61–70 വയസ്സുകാർ 44,718 രൂപയും, 71–80 പ്രായപരിധിയിലുള്ളവർ 77,773 രൂപയുമാണ് വാർഷിക പ്രീമിയമായി നൽകേണ്ടി വരിക. മൂന്ന് ലക്ഷം മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ ഉറപ്പാക്കുന്ന എട്ട് വ്യത്യസ്ത സ്ലാബുകളാണ് പുതിയ സംവിധാനത്തിലുള്ളത്. നോർക്ക റൂട്ട്സും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും സംയുക്തമായാണ് പദ്ധതിയുടെ നടത്തിപ്പ്.

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പ്രവാസികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് നിരക്കുകൾ കുറയ്ക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് എ.എം. അൻസാർ ആവശ്യപ്പെട്ടു. മുതിർന്നവരുടെ ചികിത്സാ ചെലവുകൾ ഉയർന്നത് പ്രീമിയം കൂട്ടാൻ കാരണമായിട്ടുണ്ടെങ്കിലും, ചെറുപ്പക്കാരുടെ പ്രീമിയം തുക പോലും മൂന്നിരട്ടിയാക്കിയത് അംഗീകരിക്കാനാവില്ലെന്ന് ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി യഹ്യ തളങ്കരയും വ്യക്തമാക്കി.

Fashion ⏭️

Back to top button