BUSINESS
എം.എസ്. ധോണി മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡർ; ഏറെ സന്തോഷമെന്ന് താരം

കോഴിക്കോട് ∙ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിയെ നിയോഗിച്ചു. കമ്പനി ഉയർത്തിപ്പിടിക്കുന്ന റെസ്പോൺസിബിൾ ജ്വല്ലർ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ദീർഘകാല പങ്കാളിത്തത്തിനാണ് ധോണിയുമായി തുടക്കക്കമിടുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് അറിയിച്ചു.രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തിൽ 3 വൈറ്റ്-ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിലും ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഏക ക്യാപ്റ്റനായ ധോണിയുമായുള്ള സഹകരണത്തിലൂടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും ആഗോള തലത്തിലുള്ള 450ൽ ഏറെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകൾ വഴിയും വൻതോതിലുള്ള പ്രചാരണ പരിപാടികളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലബാർ ഗോൾഡുമായി കൈകോർക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്ന് ധോണി പ്രതികരിച്ചു.ഉപയോക്താക്കൾക്കായി ‘മലബാർ പ്രതിജ്ഞകൾ’ നടപ്പാക്കിയാണ് റെസ്പോൺസിബിൾ ജ്വല്ലറി എന്ന നിലയിലുള്ള പ്രതിബദ്ധത തെളിയിക്കുന്നതെന്ന് എം.പി.അഹമ്മദ് വിശദീകരിച്ചു. ആഭരണങ്ങളുടെ വില നിർണയത്തിലെ സുതാര്യത, 100% എച്ച്‌യുഐഡി ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ, ശാസ്ത്രീയവും സുതാര്യവുമായ 28 തരത്തിലുള്ള പരിശോധനകൾക്കു വിധേയമാക്കി ഗുണമേൻമ ഉറപ്പു വരുത്തിയ പ്രകൃതിദത്ത ഡയമണ്ടുകൾ, ഉത്തരവാദിത്ത ഉറവിടങ്ങളിൽ നിന്നുള്ള സ്വർണ ശേഖരം, ന്യായ വില, ബൈബാക്ക് പോളിസി, ആഭരണങ്ങൾക്ക് ആജീവനാന്ത പരിരക്ഷ, ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ്, മികച്ച മൂല്യം ഉറപ്പാക്കി ആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ മലബാർ പ്രോമിസുകളിൽ ഉൾപ്പെടുന്നു.
Travel ⏭️


