BUSINESS
പിടിവാശി പാരയായി; കേരളത്തിന്റെ ചെമ്മീൻ ആന്ധ്രയിലേക്ക് ‘ചാടി’; ഫാക്ടറികൾ കൂട്ടത്തോടെ ‘നാടുവിടുന്നു’, ജോലിയും പോയി!

കൊച്ചി∙ കേരളത്തിന്റെ പിടിവാശി ആന്ധ്രയ്ക്ക് വൻ നേട്ടമാകുന്നു. കേരളത്തിൽ സ്ത്രീകളുൾപ്പെടെ ഒട്ടേറെ പേരുടെ ‘പണിയും’ തെറിച്ചപ്പോൾ ആന്ധ്രയിൽ പുതുതായി നിരവധിപേർക്ക് ജോലി കിട്ടി. ചെമ്മീൻ സംസ്കരണവും കയറ്റുമതിയും കേരളം വിടുന്നതാണ് പ്രതിസന്ധി. ആന്ധ്രപ്രദേശിലെ പാടങ്ങളിൽ കൃഷി ചെയ്യുന്ന ചെമ്മീൻ അവിടെ നിന്നു കൊണ്ടുവന്നു സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിന്റെ അധികച്ചെലവ് കാരണം പ്രമുഖ വ്യവസായ ഗ്രൂപ്പുകളെല്ലാം അവിടേക്ക് ഫാക്ടറി മാറ്റുകയാണ്. മുൻപ് കശുവണ്ടി ഫാക്ടറികൾ കേരളം വിട്ടതു പോലെയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 10 വർഷമായി അക്വാ കൃഷി കേരളത്തിൽ വ്യാപകമാക്കാൻ ചെമ്മീൻ സംസ്കരണ രംഗത്തുള്ളവർ ശ്രമിച്ചിരുന്നു. പക്ഷേ പാടങ്ങൾ കൃഷിയില്ലാതെ കാടുപിടിച്ചിട്ടും ചെമ്മീൻ കൃഷി അനുവദിക്കില്ലെന്ന പിടിവാശി മൂലം ആന്ധ്ര മുന്നേറി. ആന്ധ്രയിൽ നിന്നു ചെമ്മീൻ കൊണ്ടു വരുന്നതിനു കിലോഗ്രാം 30–40 രൂപ അധികച്ചെലവുണ്ടെന്നതും 2 ദിവസം കൊണ്ടു ലോറികളിലെത്തുമ്പോൾ തൂക്കവും ഫ്രഷ്നെസും കുറയുമെന്നതും ഫാക്ടറികൾ അങ്ങോട്ടേക്കു മാറ്റാൻ കാരണമായി. പക്ഷേ, അവിടെ ഫാക്ടറികളിലേക്ക് ഇവിടെ നിന്നു തൊഴിലാളികൾ പോകുന്നില്ല. ആന്ധ്രക്കാരെ ജോലിക്കെടുത്തു പരിശീലിപ്പിക്കുകയാണ്. കേരളത്തിൽ സ്ത്രീകളാണ് തൊഴിലാളികളിൽ ഭൂരിപക്ഷവും. വലിയ തൊഴിൽ നഷ്ടമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ചെമ്മീൻ സംസ്കരണ വ്യവസായം തന്നെ ഇല്ലാതാവുമെന്ന് അമാൽഗം ഗ്രൂപ്പ് ചെയർമാൻ എ.ജെ.തരകൻ പറഞ്ഞു. അക്വാ കൾചറിൽ മറ്റു സംസ്ഥാനങ്ങൾ മുന്നേറുമ്പോൾ കേരളം പിന്തള്ളപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.എട്ടു വർഷത്തിലേറെ തരിശുകിടക്കുന്ന നിലങ്ങളിലും തണ്ണീർത്തടങ്ങളിലും ചെമ്മീൻ കൃഷി അനുവദിക്കാനുള്ള നയപരമായ തീരുമാനം സർക്കാർ എടുക്കേണ്ടതുണ്ടെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അലക്സ് കെ.നൈനാൻ ചൂണ്ടിക്കാട്ടി.70% ഉൽപാദനം ആന്ധ്രയിൽനിന്ന്ഇന്ത്യയുടെ ചെമ്മീൻ ഉൽപാദനത്തിന്റെ 70% വരെ ആന്ധ്രയുടെ ഗോദാവരി, കൃഷ്ണ, നെല്ലൂർ തുടങ്ങിയ ജില്ലകളിലാണ്. 6 ലക്ഷം ടൺ. കയറ്റുമതി വരുമാനത്തിന്റെ 60% ആന്ധ്രയിൽ നിന്ന്. അതേസമയം കേരളത്തിന്റെ ചെമ്മീൻ കയറ്റുമതി 1.79 ലക്ഷം ടൺ മാത്രം. ഗുജറാത്ത്, തമിഴ്നാട്, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളും ഇതേവഴിക്ക് നീങ്ങുകയാണ്.
Travel ⏭️


