BUSINESS
കുഞ്ഞുങ്ങളുടെ പായ്ക്കറ്റ് ഭക്ഷണത്തില് ഇനി പഞ്ചസാരയില്ല; ബേബി ഫുഡ് കമ്പനികള്ക്ക് കടുത്ത നിയന്ത്രണങ്ങളുമായി FSSAI

Added Sugar: ഇന്ത്യന് വിപണിയില് ലഭിക്കുന്ന ശിശുഭക്ഷണങ്ങളില് (Baby Foods) പഞ്ചസാര പൂര്ണ്ണമായി നിരോധിക്കാന് കേന്ദ്ര ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (FSSAI). വിദേശ രാജ്യങ്ങളില് പഞ്ചസാരയില്ലാതെ ബേബി ഫുഡ് വില്ക്കുന്ന വന്കിട കമ്പനികള് ഇന്ത്യയില് അധിക മധുരം ചേര്ത്ത് വില്ക്കുന്നത് തടയാനും, കുട്ടികളിലെ അമിതവണ്ണവും പ്രമേഹവും കുറയ്ക്കാനുമാണ് ഈ പുതിയ നിയമ നിര്മ്മാണം. മാതാപിതാക്കള് നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ ചട്ടങ്ങള് പരിശോധിക്കാം.പൂര്ണ്ണ നിരോധനത്തിനു സാധ്യതകുഞ്ഞുങ്ങള്ക്കായി വിപണിയിലെത്തുന്ന പാല്- ധാന്യ അധിഷ്ഠിത ഭക്ഷണങ്ങളില് (Infant Cereals) പഞ്ചസാര, സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് സിറപ്പ്, തേന് എന്നിവ അധികമായി ചേര്ക്കുന്നത് പൂര്ണ്ണമായി വിലക്കാനാണ് നീക്കം. ഇതുവഴി വിപണിയിലെത്തുന്ന ബേബി ഫുഡുകള് ആരോഗ്യകരവും പോഷകസമൃദ്ധവുമാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വിപണന രീതികളും തടയുക എന്നിവയാണ് ലക്ഷ്യം. പാലിലും പഴങ്ങളിലും സ്വാഭാവികമായി അടങ്ങിയിട്ടുള്ള പഞ്ചസാര (ലാക്ടോസ് പോലുള്ളവ) മാത്രമേ ഉല്പ്പന്നങ്ങളില് ഉണ്ടാകാന് പാടുള്ളൂവെന്ന് സാരം.എന്തുകൊണ്ട് ഇത്തരമൊരു നീക്കംകുട്ടികളില് വര്ധിച്ചുവരുന്ന അമിതവണ്ണവും പ്രമേഹവും തന്നെയാണ് പ്രധാന കാരണം. ചെറുപ്രായത്തില് തന്നെ പഞ്ചസാര ശീലമാക്കുന്നത് കുട്ടികളില് അമിതവണ്ണത്തിനും (Childhood Obesity), ഭാവിയില് ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങള് എന്നിവ വരാനുള്ള സാധ്യതയ്ക്കും കാരണമാകുന്നു.പല്ലുകള് മുളച്ചുവരുന്ന ഘട്ടത്തില് മധുരം നല്കുന്നത് ദന്തക്ഷയത്തിനും (Tooth decay) മോണരോഗങ്ങള്ക്കും വഴിതുറക്കുമെന്ന് വിദഗ്ധര് പറയുന്നു. കുഞ്ഞുങ്ങള്ക്ക് ചെറുപ്പത്തിലേ മധുരത്തോട് അമിതമായ ആസക്തി ഉണ്ടായാല്, അവര് സ്വാഭാവിക രുചിയുള്ള പച്ചക്കറികളും മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളും നിരസിക്കാന് തുടങ്ങും.അധികമായി ചേര്ക്കുന്ന മഖുരം ഭക്ഷണങ്ങളുടെ രുചി വര്ധിപ്പിച്ചേക്കും, എന്നാല് ഇതു ശരീരത്തിന് യാതൊരു പോഷകഗുണവും നല്കാത്ത ശൂന്യമായ കലോറികള് മാത്രമാണ് നല്കുന്നത്.പുതിയ നിയമം പ്രാബല്യത്തില് വരുംFSSAI കരട് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം പൊതുജനങ്ങളില് നിന്നും വ്യവസായ സ്ഥാപനങ്ങളില് നിന്നും അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും തേടും. തുടര്ന്ന് അന്തിമ വിജ്ഞാപനം ഗസറ്റില് പ്രസിദ്ധീകരിച്ച്, കമ്പനികള്ക്ക് ഉല്പന്നങ്ങളുടെ നിര്മ്മാണ രീതിയിലും, പാക്കേജിംഗിലും മാറ്റം വരുത്താന് നിശ്ചിത സാവകാശം (സാധാരണയായി 6 മാസം മുതല് 1 വര്ഷം വരെ) നല്കിയ ശേഷമായിരിക്കും നിയമം പൂര്ണ്ണമായി പ്രാബല്യത്തില് വരിക.നിലവിലെ നിയമങ്ങള്നിലവിലുള്ള ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേര്ഡ്സ് (ഇന്ഫന്റ് ന്യൂട്രീഷന്) റെഗുലേഷന്സ് പ്രകാരം നിശ്ചിത അളവില് പഞ്ചസാരയും (Sucrose/Fructose), കാര്ബോഹൈഡ്രേറ്റുകളും ചേര്ക്കാന് ഉല്പ്പാദകര്ക്ക് നിയമപരമായ അനുമതി ഉണ്ട്. പാലിലെ ലാക്ടോസ് പ്രധാന ഘടകമായിരിക്കണം എന്ന് നിര്ദ്ദേശിച്ചിരുന്നെങ്കിലും, നിശ്ചിത പരിധി പാലിച്ചുകൊണ്ട് മധുരം ചേര്ക്കുന്നത് കമ്പനികള്ക്ക് സാധ്യമായിരുന്നു.കമ്പനികളുടെ ഇരട്ടത്താപ്പ്ഇന്ത്യയിലെ ഇളവുകള് പല കമ്പനികള് വര്ഷങ്ങളായി മുതലെടുത്തുവരികയാണ്. യുകെ, ജര്മ്മനി, സ്വിറ്റ്സര്ലന്ഡ് തുടങ്ങിയ യൂറോപ്യന് രാജ്യങ്ങളില് ശിശുഭക്ഷണത്തില് പഞ്ചസാരയ്ക്ക് കര്ശനമായ നിരോധനമുണ്ട്. വിദേശ രാജ്യങ്ങളില് മധുരം ഒഴിവാക്കി പുറത്തിറക്കുന്ന ഉല്പ്പന്നങ്ങള് ഇന്ത്യയില് കമ്പനികള് അധിക മധുരം ചേര്ത്താണ് വില്ക്കുന്നത്.കുഞ്ഞുങ്ങള് മധുരമുള്ള ഭക്ഷണം വേഗത്തില് ഇഷ്ടപ്പെടുകയും, വീണ്ടും വീണ്ടും കഴിക്കാന് ആവശ്യപ്പെടുകയും ചെയ്യും. ഇത് ഉല്പ്പന്നങ്ങളുടെ തുടര്ച്ചയായ വില്പ്പനയും വിപണി വിഹിതവും വര്ധിപ്പിക്കാന് സഹായിക്കുന്നു. ഇന്ത്യ പോലൊരു വിപണിയില് കമ്പനികള്ക്ക് ആവശ്യം വരുമാനം മാത്രമാണ്.പരിശോധനകളിലെയും ലേബലിംഗ് നിബന്ധനകളിലെയും കര്ശനതക്കുറവ് മുതലെടുത്ത്, ഒരേ ബ്രാന്ഡ് യൂറോപ്പില് പഞ്ചസാരയില്ലാതെ വില്ക്കുമ്പോഴും ഇന്ത്യയില് പഞ്ചസാര ചേര്ത്ത് വില്ക്കുന്നത് ശരിക്കും ഇരട്ടത്താപ്പാണ്.സര്ക്കാര് നീക്കം ജനങ്ങള്ക്ക് നേട്ടമാകുന്നത് എങ്ങനെആരോഗ്യമുള്ള തലമുറ തന്നെ പ്രധാന നേട്ടം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ആഹാരം കുഞ്ഞുങ്ങള്ക്ക് ലഭ്യമാകുന്നതിലൂടെ കുട്ടിക്കാലത്തെ രോഗങ്ങള് ഗണ്യമായി കുറയ്ക്കാന് സാധിക്കും. ജീവിതശൈലീ രോഗങ്ങള്ക്കും ഈ ന്ീക്കം ഒരു പരിധി വരെ തടയിടും. കുട്ടികള്ക്ക് വിപണിയില് നിന്ന് വാങ്ങുന്ന ടിന് ഫുഡുകള് സുരക്ഷിതമാണെന്ന ആശ്വാസം മാതാപിതാക്കള്ക്ക് ലഭിക്കും.കമ്പനികളെ ഇത് എങ്ങനെ ബാധിക്കുംഎല്ലാ ബേബി ഫുഡ് ഉല്പ്പന്നങ്ങളുടെയും നിര്മ്മാണ ഫോര്മുലകള് അടിമുടി മാറ്റേണ്ടി വരും. പഞ്ചസാരയില്ലാതെ ഉല്പ്പന്നം സ്വാദിഷ്ടവും കൂടുതല് കാലം കേടാകാതെയും സൂക്ഷിക്കാന് കൂടുതല് ഗവേഷണങ്ങള് ആവശ്യമായി വരും. പാക്കേജിംഗ് മാറ്റുന്നതിനും, പുതിയ ചേരുവകള് ഉള്പ്പെടുത്തുന്നതിനും അധിക സാമ്പത്തിക ബാധ്യത വന്നേക്കാം. നിയമം ലംഘിക്കുന്ന കമ്പനികള്ക്ക് ലൈസന്സ് റദ്ദാക്കല്, പിഴ അടക്കമുള്ള കടുത്ത നിയമനടപടികള് നേരിടേണ്ടി വരും.രക്ഷിതാക്കള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് കുഞ്ഞുങ്ങള്ക്ക് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണങ്ങളുടെ ചേരുവകളില് Added Sugar, Sucrose, Glucose Syrup, Corn Syrup, Maltodextrin എന്നിവ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സ്വാഭാവിക ഭക്ഷണങ്ങള്ക്ക് മുന്ഗണന നല്കുക. പായ്ക്കറ്റ് ഭക്ഷണങ്ങളെ പൂര്ണ്ണമായി ആശ്രയിക്കാതെ വീട്ടില് തന്നെ തയ്യാറാക്കുന്ന കുറുക്കുകള് (റാഗി, ഏത്തക്കായ പൊടി), പയറുവര്ഗ്ഗങ്ങള്, വേവിച്ചുടച്ച പച്ചക്കറികള്, പഴങ്ങള് എന്നിവ ശീലിപ്പിക്കുക. ലോകാരോഗ്യ സംഘടന (WHO) നിര്ദ്ദേശിക്കുന്നത് പോലെ ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാല് മാത്രം നല്കുക. വീട്ടുഭക്ഷണങ്ങളിലും മധുരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.
Read News




