BUSINESS

കൊറിയൻ സ്കിൻ കെയർ തരംഗത്തിലേക്ക് ഡോ.ആരതി പിള്ളയുടെ ബ്രാൻഡ്; വ്യവസായി രവി പിള്ളയുടെ മകൾ


കൊച്ചി ∙ ലോകം കീഴടക്കുന്ന കെ–ബ്യൂട്ടി എന്ന കൊറിയൻ സ്കിൻകെയർ തരംഗത്തിൽ ഇടംപിടിക്കാൻ മലയാളിയുടെ ബ്രാൻഡ്. വ്യവസായി രവി പിള്ളയുടെ മകളും പീഡിയാട്രീഷ്യനുമായ ഡോ. ആരതി പിള്ളയാണ് ‘ദ് ഹാർട്ട് കോസ്മെറ്റിക്സ്’ എന്ന ചർമ സംരക്ഷണ ബ്രാൻഡ് വിപണിലെത്തിക്കുന്നത്. 4 സ്കിൻകെയർ ഉൽപന്നങ്ങളും 2 ലിപ് ഓയിലും ഉൾപ്പെടുന്ന പ്രോഡക്ടുകൾ പൂർണമായും ദക്ഷിണ കൊറിയയിലാണ് നിർമാണം.‘‘ബിസിനസ് സംരംഭമെന്ന ആഗ്രഹം നേരത്തെ മനസ്സിലുണ്ടായിരുന്നെങ്കിലും മെഡിസിനാണ് കരിയറായി തിരഞ്ഞെടുത്തത്. പക്ഷേ, പ്രസവത്തിനുശേഷം കടുത്ത ചർമ പ്രശ്നങ്ങൾ നേരിട്ടതു വഴിത്തിരിവായി. ജോലിയും കുഞ്ഞിന്റെ കാര്യങ്ങളും നോക്കുന്നതിനിടെ സ്കിൻകെയറിനു വേണ്ടി ഒരുപാട് സമയം ചെലവിടാനാകില്ല. ഒന്നിലധികം ചർമപ്രശ്നങ്ങൾക്ക് ഒരേസമയം പരിഹാരം നൽകുന്ന ലളിതമായ ഉൽപന്നങ്ങളെക്കുറിച്ച് ആലോചിച്ചത് അങ്ങനെയാണ്. കൊറിയൻ സ്കിൻകെയർ മികച്ച ഫലം നൽകുന്നതായി മനസ്സിലാക്കിയതോടെ കൊറിയൻ ഫോർമുലേഷനും ഇൻഗ്രീഡിയന്റ്സും ഉൾപ്പെടുന്ന പ്രോഡക്ടുകൾക്കായി പഠനം തുടങ്ങി’’, ഡോ. ആരതി പറഞ്ഞു.ഡോ. ആരതിയും ഭർത്താവ് ഡോ. ആദിത്യ വിഷ്ണുവും ചേർന്നാണ് ബ്രാൻഡിനു തുടക്കമിട്ടത്. ചർമത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ സംരക്ഷിക്കുന്ന ‘ബാരിയർ-ഫസ്റ്റ്’ ഉൽപന്നങ്ങൾക്കായുള്ള 3 വർഷത്തെ പഠനഗവേഷണങ്ങൾക്കു ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ഹാർട്ട് കോസ്മെറ്റിക്സ് വിപണിയിൽ അവതരിപ്പിച്ചു. ചെറിയരീതിയിൽ തുടക്കമിട്ട് ഇതുവരെയുള്ള കാലയളവിൽ ഉപയോക്താക്കളുടെ കൂട്ടായ്മ ഒരുക്കാനായി. ഇനി പാൻ ഇന്ത്യൻ ബ്രാൻഡായി ഹാർട്ടിനെ വളർത്താനാണ് ഇരുവരുടെയും ലക്ഷ്യം. നിലവിൽ വെബ്സൈറ്റ് വഴിയും ആമസോൺ, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലൂടെയും ഉൽപന്നങ്ങൾ വാങ്ങാം.


Travel ⏭️

Back to top button