BUSINESS

പുരപ്പുറ സോളർ: പിഎം സൂര്യഘർ പദ്ധതിയിൽ മുന്നേറിയ കേരളത്തിന് ‘വെള്ളത്തിലെ സോളറും’ നേട്ടമാക്കാം; ഉൽപാദിപ്പിക്കാം 2200 മെഗാവാട്ട്


തിരുവനന്തപുരം ∙ സംസ്ഥാനത്തെ ജലാശയങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സോളർ പ്ലാന്റ് സ്ഥാപിച്ച് 2.2 ജിഗാവാട്ട് (2200 മെഗാവാട്ട്) വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് പഠനറിപ്പോർട്ട്. ജലാശയങ്ങളുടെ ആകെ വിസ്തൃതിയുടെ 20% മാത്രം ഉപയോഗിക്കുമ്പോഴുള്ള സ്ഥിതിയാണിത്.  കരയിലെ സ്ഥല ലഭ്യത കുറവുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതോൽപാദനം വർധിപ്പിക്കാൻ ഫ്ലോട്ടിങ് സോളർ പ്ലാന്റുകൾ (എഫ്എസ്പിവി) അനുയോജ്യമാണെന്നും കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളർ എനർജി നടത്തിയ പഠനത്തിൽ പറയുന്നു.  അതേസമയം, പാരിസ്ഥിതികമായ ചില വെല്ലുവിളികൾ ഇത്തരം പ്ലാന്റുകൾ സൃഷ്ടിക്കാനുള്ള സാധ്യതയും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്രയും സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുയോജ്യമെന്നു കണ്ടെത്തിയ ജലാശയങ്ങളുടെ വിസ്തൃതി 42.29 ചതുരശ്ര കിലോമീറ്ററാണ്. എഫ്എസ്പിവിയുടെ പ്രത്യേകതകൾ ∙ കാര്യമായി ഉപയോഗപ്രദമല്ലാത്ത ജലപ്രതലം ഉപയോഗിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങളില്ല. ∙ ജലാശയങ്ങളിലായതിനാൽ പാനലുകളുടെ പ്രവർത്തന താപനില കുറച്ച് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ∙ ജലവൈദ്യുത സംഭരണികളോടൊപ്പം സ്ഥാപിക്കാനാകും. സബ്സ്റ്റേഷനുകൾ, റോഡുകൾ തുടങ്ങിയവ രണ്ടു പദ്ധതികൾക്കും ഒരുപോലെ ഉപയോഗിക്കാം. ∙ വരണ്ട പ്രദേശങ്ങളിൽ ബാഷ്പീകരണം കുറയ്ക്കാൻ പാനലുകൾക്കു കഴിയും. പക്ഷേ, ജലത്തിന്റെ താപനിലയിലെ മാറ്റം, ജല ആവാസ വ്യവസ്ഥയിലെ ആഘാതങ്ങൾ തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. പുരപ്പുറ സോളറിലും മുന്നേറ്റം പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരമുള്ള പുരപ്പുറ സോളർ പദ്ധതിയിലും രാജ്യത്ത് മുൻനിരയിലാണ് കേരളം. 4.75 ലക്ഷം അപേക്ഷകളാണ് പദ്ധതിപ്രകാരം ഇതുവരെ കേരളത്തിൽ നിന്ന് ലഭിച്ചതെന്ന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്ക് പറയുന്നു. 3.69 ലക്ഷം വീടുകളിൽ ഇതുപ്രകാരം പുരപ്പുറ സോളർ സ്ഥാപിച്ചു. 1401.66 മെഗാവാട്ടാണ് സ്ഥാപിത ഉൽ‌പാദനശേഷി. 2343.06 കോടി രൂപ സബ്സിഡിയായും ഉപയോക്താക്കൾക്ക് ലഭിച്ചു. ഇന്ത്യയിൽ ആകെ 59.26 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം സോളർ വൈദ്യുതിയുള്ളത്. 17,501.13 മെഗാവാട്ടാണ് ഉൽപാദനശേഷി. കേന്ദ്രം നൽകിയ സബ്സിഡി 32,897.68 കോടി രൂപ.


Travel ⏭️

Back to top button