BUSINESS

രണ്ടരലക്ഷം പേർക്ക് ‘പണി കൊടുക്കാൻ’ ഫ്ലിപ്കാർട്ട്; 75,000വും ഫ്രഷേഴ്സ്, ഉത്സവകാലം കളറാകും


ലോകത്തെ പ്രമുഖ കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നതിനിടെ ഇന്ത്യയിൽ 2.5 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ട്. രാജ്യത്ത് നേരിട്ടും അല്ലാതെയും 2.5 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപനം . ഓഗസ്റ്റ് മുതൽ നവംബർ വരെ രാജ്യത്ത് നടക്കുന്ന ഉത്സവ സീസണിലെ ഡിമാൻഡ് കണക്കിലെടുത്താണിത്. ഗിഗ് തൊഴിലാളികൾ അടക്കമുള്ളവരുടെ കണക്കാണിത്. 75,000ത്തോളം പേരുടെ ആദ്യ തൊഴിലായിരിക്കും ഇതെന്നും കമ്പനി വ്യക്തമാക്കി.  രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന മാസങ്ങളാണ് ഉത്സവകാലമായി കണക്കാക്കുന്നത്. കമ്പനികൾ വിൽപന കൂട്ടാനായി മികച്ച ഓഫറുകളും  പ്രഖ്യാപിക്കാറുണ്ട്. ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേ വിൽപനയും ഈ സമയത്താണ് നടക്കുന്നത്. ഇതിനായി 900 പുതിയ ഡെലിവറി ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഫ്ളിപ്കാ‍ർട്ട് അറിയിച്ചു. ഇതിലൂടെ 1.4 ലക്ഷം താൽകാലിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആകെ തൊഴിൽ അവസരങ്ങളിൽ 60 ശതമാനവും ഇത്തരത്തിലുള്ള ലാസ്റ്റ് മൈൽ ജോലികളായിരിക്കും. ടിയർ2, ടിയർ 3 നഗരങ്ങളിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമാണിത്. ഉത്സവകാലത്ത് രാജ്യത്തെ ചെറു നഗരങ്ങളിൽ പോലും ഡിമാൻഡ് വർധിക്കുന്നതിന്റ തെളിവാണിതെന്നും വിലയിരുത്തൽ.  കേരളത്തിലെ ഓണാഘോഷങ്ങളോടെയാണ് ഇന്ത്യയിൽ ഉത്സവകാല വിൽ‍പ്പന തുടങ്ങുന്നത്. നവരാത്രി-ദീപാവലി കാലം വരെ ഇത് തുടരും. ഹോം അപ്ലയൻസ്, വാഹനങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാ ഉൽപന്നങ്ങൾക്കും ഡിമാൻഡ് കൂടും. ഇക്കൊല്ലത്തെ ഉത്സവകാലത്തിന്റെ തുടക്കം മികച്ച രീതിയിൽ ആയിരുന്നു. ഡിമാൻഡ് അഞ്ച് വർഷത്തെ ഉയരത്തിലെത്തി. ഓൺലൈൻ, ക്വിക്ക് കൊമേഴ്സ്, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ മികച്ച മുന്നേറ്റമുണ്ടാക്കി. ഓണക്കാലത്ത് റെഫ്രിജറേറ്റർ, എസി, വാഷിങ് മെഷീൻ എന്നിവയുടെ വിൽപന 15 ശതമാനം വരെ ഉയർന്നു. ഗണേശ ചതുർഥി അവധി ദിവസങ്ങളിലും രാജ്യത്ത് മികച്ച വിൽപന നടന്നു. കാർ വിൽപനയിൽ 20 ശതമാനം വർധനയുണ്ടായി. ഈ ഡിമാൻഡ് അടുത്ത മാസങ്ങൾ കൂടി നിലനിന്നാൽ ഇന്ത്യയിലെ കമ്പനികൾക്ക് കോളടിക്കും. 


Travel ⏭️

Back to top button