BUSINESS
ക്ഷേമ പെൻഷൻകാർക്ക് വൻ തിരിച്ചടി; എ.സിയും, കാറും തടസ്സങ്ങളായി തുടരും, തിരുത്തുമായി സർക്കാർ

കേരളത്തിലെ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പുതിയ വിശദീകരണം. ക്ഷേമപെൻഷൻ മാനദണ്ഡം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടക്കുകയാണെന്നും, വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി അറിയിച്ചു. എയർ കണ്ടീഷനുള്ള വീടുകളിലെ ഗുണഭോക്താക്കളെ ഒഴിവാക്കുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിരവധി നിവേദനങ്ങളാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ എ.സി, 2000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ എന്നിവ ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ പഴയതു പോലെ തുടരുകയാണ്.നേരത്തെ, സാമൂഹ്യ പെൻഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീസൻ നിയമസഭയിൽ പറഞ്ഞിരുന്നു. 2000 സിസിയിൽ താഴെയുള്ള വാഹനങ്ങളെയും (ഇതിൽ ചെറിയ കാറുകളാണ് പ്രധാനമായും ഉൾപ്പെടുന്നത്), വീടുകളിലെ എയർ കണ്ടീഷൻ എന്നിവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ആലോചനകൾ നടന്നിരുന്നത്.രോഗികൾ അടക്കമുള്ള വീടുകളിൽ എയർ കണ്ടീഷൻ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളുണ്ട്. ഇതേത്തുടർന്ന് ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ നിന്ന് എ.സി ഒഴിവാക്കണമെന്ന് നാളുകളായി ആവശ്യമുയർന്നിരുന്നു. മാറിയ കാലത്ത് എ.സി എന്നത് ആഡംബരത്തിന്റെ പ്രതീകമായി കാണേണ്ടതില്ലെന്ന വാദങ്ങളുമുണ്ടായി.മുമ്പ് എ.സി, 2000 സിസിയിൽ താഴെയുള്ള ഓട്ടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങൾ എന്നിവയുണ്ടെന്ന് കണ്ടെത്തിയ ക്ഷേമപെൻഷൻ അപേക്ഷകൾ തടഞ്ഞു വെക്കുന്ന സാഹചര്യമുണ്ടായി. ഇതിനെല്ലാമിടയിലാണ് എ.സി, 2000 സി.സിയിൽ താഴെയുള്ള വാഹനങ്ങൾ എന്നിവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നത്.അതേ സമയം, മാരകമായ രോഗങ്ങൾ ബാധിച്ച് അവശരായവർക്കും, വാർദ്ധക്യ സഹജമായ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്കും വീടുകളിൽ എ.സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാറുണ്ട്. ഇതിന്റെ പേരിൽ അർഹരായവർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുന്നുവെന്ന പരാതി സർക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി പറഞ്ഞു. മനുഷ്യത്വപരമായി ഈ വിഷയത്തെ സമീപിക്കും. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ ഈ വിഷയം ധനവകുപ്പ് പരിശോധിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.ഈ വിഷയം പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് സർക്കാർ അറിയിച്ചത് എന്നതിനാൽ ഇതിന് ശേഷം ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് എ.സിയുടെ കാര്യത്തിലടക്കം പുതിയ വ്യക്തത ഉണ്ടാകേണ്ടിയിരിക്കുന്നു.കേരളത്തിലെ പ്രധാനപ്പെട്ട സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. സാമ്പത്തികമായി പുറകിൽ നിൽക്കുന്ന മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് അന്തസ്സോടെ ഈ സമൂഹത്തിൽ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതിയാണിത്. തദ്ദേശ സ്വയം ഭരണ വകുപ്പ് വഴിയാണ് ക്ഷേമ പെൻഷൻ/സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നത്.
Read News




