NEWS
ആഹാരമില്ല, രാഹുൽ യാത്രയായി; ശരീരഭാരം 7 കിലോ മാത്രം: ഒരു വർഷത്തിനിടെ മരിച്ചത് ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങൾ

ഹരിപ്പാട്∙ വേണ്ടത് 12 കിലോ, ശരീരത്തിനുണ്ടായിരുന്നത് 7 കിലോ. ആവശ്യത്തിന് ആഹാരമോ പരിചരണമോ ലഭിക്കാതെ രണ്ടു വയസ്സുകാരൻ രാഹുൽ മരിക്കുമ്പോൾ അമ്മ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയിട്ട് മണിക്കൂറുകൾ പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകനാണ് രാഹുൽ. ഇന്നലെ രാവിലെ ഏഴരയോടെ വീടിനുള്ളിൽ അനക്കമറ്റു കിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പട്ടിണി മരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരുക്കുകളോ ഇല്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രസവവേദനയെത്തുടർന്ന് താരയെ ആശാ പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഇവർ ആൺകുഞ്ഞിന് ജന്മം നൽകി.
Fashion ⏭️




