BUSINESS
എഥനോൾ തുള്ളി പോലുമില്ല; ഇത് ഇന്ത്യയുടെ E0 പെട്രോൾ, E20 ഇന്ധനവുമായുള്ള വില വ്യത്യാസം അറിയാം, അടുത്തുള്ള പമ്പുകൾ എളുപ്പത്തിൽ കണ്ടെത്താം

എഥനോൾ കലരാത്ത പെട്രോളാണ് ‘ഇ സീറോ’ (E0). ഇന്ത്യയിലെ എണ്ണക്കമ്പനികൾ പലതും ഇത്തരത്തിൽ പ്രീമിയം പെട്രോൾ നിലവിൽ ലഭ്യമാക്കുന്നുണ്ട്. E20 ഇന്ധനത്തെ അപേക്ഷിച്ച് E0 ഫ്യുവലിന് വില കൂടുതലാണ്. ഇവ ലഭിക്കുന്ന പമ്പുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും, വെബ്സൈറ്റും ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്.ഡൽഹി സ്വദേശിയും, ഐ.ടി എൻജിനീയറുമായ ഗൗരവ് താക്കർ എന്ന വ്യക്തിയാണ് ഇവ വികസിപ്പിച്ചത്. ‘ഇ-സീറോ ഫൈൻഡർ’ എന്ന ആപ്ലിക്കേഷൻ, e0fuel.in എന്ന വെബ്സൈറ്റ് എന്നിവ വഴി വാഹന ഉടമകൾക്ക് എഥനോൾ ബ്ലെൻഡ് ചെയ്യാത്ത പെട്രോൾ ലഭിക്കുന്ന ഇടങ്ങൾ ലളിതമായി കണ്ടെത്താം.എന്താണ് E0 ഇന്ധനം?പേര് സൂചിപ്പിക്കുന്നതു പോലെ എഥനോൾ തീരെ കലരാത്ത തരം പെട്രോളാണിത്. ഇന്ത്യയിൽ നിലവിൽ 20% എഥനോൾ കലർത്തിയ (E20) ഇന്ധനമാണ് വ്യാപകമായി ലഭ്യമാകുന്നത്. ഇവ വാഹനത്തിന്റെ മൈലേജ് കുറയ്ക്കുന്നതായും, എൻജിന് തകരാർ ഉണ്ടാക്കുമെന്നും വാദം ഉയർന്നിരുന്നു. അതേ സമയം, കേന്ദ്ര സർക്കാർ ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം വിവാദങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ ഇപ്പോഴും ഈ വിഷയത്തിൽ വിവാദം പുകയുകയാണ്.എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) എന്ന വിഭാഗത്തിന് പുറത്തുള്ളവയാണ് E0 ഇന്ധനമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. സ്പെഷ്യലൈസ്ഡ് പെർഫോമൻസ് കാഴ്ച്ച വെക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക തരം പ്രീമിയം ഇന്ധനങ്ങളാണ് ഇവ. ഇന്ത്യയിലെ ആകെ പെട്രോൾ സെയിൽസിന്റെ 0.5% മാത്രമാണ് പ്രീമിയം ഫ്യുവലിന്റെ വില്പന.പ്രീമിയം പെട്രോളിന് ലിറ്ററിന് 160-180 രൂപ വരെ വില വരുമ്പോൾ E20 പെട്രോളിന് 110 രൂപയാണ് നിരക്ക്. അതായത് ഒരു ലിറ്ററിന് 50-70 രൂപയോ അതിലധികമോ വ്യത്യാസം ഇവിടെ വരും. മികച്ച ഇന്ധന ക്ഷമത, വാഹനത്തിന്റെ എൻജിന് കൂടുതൽ ആയുസ്സ് എന്നിവയാണ് പ്രധാനമായും പ്രീമിയം ഫ്യുവലിന്റെ നേട്ടങ്ങളായി എണ്ണക്കമ്പനികൾ ഉയർത്തിക്കാട്ടുന്നത്.പുതിയ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതകൾവിവിധ ഓയിൽ കമ്പനികളുടെ വെബ്സൈറ്റുകളിൽ കയറി E0 എവിടെ ലഭിക്കുമെന്ന് തെരഞ്ഞ് ഇനി നിങ്ങൾ സമയം കളയേണ്ടതില്ല. ഇതിന് പകരം ആപ്പോ, വെബ്സൈറ്റോ മാത്രം ഉപയോഗിച്ചാൽ മതിയാകും.പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിലിന്റെ ‘എക്സ് പി 100’, ഭാരത് പെട്രോളിയത്തിന്റെ ‘സ്പീഡ് 100’, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ‘പവർ 100’ എന്നിവ എഥനോൾ കലരാത്ത പ്രീമിയം പെട്രോൾ വിഭാഗങ്ങളാണ്. ഇത്തരത്തിൽ പ്രീമിയം പെട്രോൾ ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷനുകളാണ് ആപ്പിലും, വെബ്സൈറ്റിലും നൽകിയിരിക്കുന്നത്.വിവരങ്ങൾ ലഭിക്കുന്നതിനായി ആപ്ലിക്കേഷനിൽ അക്കൗണ്ട് ഉണ്ടാക്കേണ്ട ആവശ്യമില്ല. വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ നൽകേണ്ടതായിട്ടില്ല. ഒ.ടി.പി വെരിഫിക്കേഷൻ പോലും നടത്താതെ തൊട്ടടുത്തുള്ള പെട്രോൾ പമ്പുകളുടെ വിവരങ്ങൾ ലഭ്യമാകും. പമ്പിലേക്ക് പോകേണ്ട വഴി, പെട്രോളിന്റെ വില, ഫോൺ നമ്പർ എന്നിവയും ഈ പ്ലാറ്റ്ഫോമിൽ നൽകിയിരിക്കുന്നു.ഒറ്റ ഇന്ററാക്ടീവ് മാപ്പിലൂടെ വിവരങ്ങൾ അറിയാം. വാഹന ഉടമയുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ലഭിക്കുക. കൂടാതെ ഏതെങ്കിലും നഗരം/ലൊക്കേഷനുകളിലുള്ള പെട്രോൾ പമ്പുകൾ മാനുവലായി തെരയാനും സാധിക്കും. ഉപയോക്താവിന്റെ ലൊക്കേഷൻ ബ്രൗസറിനുള്ളിലാണ് പ്രൊസസ് ചെയ്യപ്പെടുന്നതെന്നും, ഇത് സ്റ്റോർ ചെയ്യപ്പെടുന്നില്ലെന്നും ഡെവലപ്പർമാർ അവകാശപ്പെടുന്നു.വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഉയർന്ന കോൺഫിഡൻസ് റേറ്റിങ്ങുള്ള പമ്പുകൾ തിരിച്ചറിയാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കുന്നു. നിലവിൽ എച്ച്.പി.സി.എൽ, ഐ.ഒ.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ ഫ്യുവൽ സ്റ്റേഷനുകളാണ് ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷെൽ, ജിയോ ബി.പി, നയാര എനർജി തുടങ്ങി മറ്റ് എണ്ണക്കമ്പനികളുടെ e0 പെട്രോൾ പമ്പുകളുടെ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.അതേ സമയം എച്ച്.പി.സി.എല്ലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്രസ്താവന പ്രകാരം പവർ 100 പ്രീമിയം പെട്രോളിൽ 4.5% വരെ എഥനോൾ കലർന്നിരിക്കുന്നു. കമ്പനിയുടെ ഏറ്റവും കുറവ് എഥനോളുള്ള ആൾട്ടർനേറ്റീവ് എന്ന നിലയിലാണ് പവർ 100 പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.100% എഥനോൾ ഫ്രീ ഇന്ധനം വേണമെന്നുള്ളവർ എണ്ണക്കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടതിന് ശേഷം മാത്രം ഇന്ധനം നിറയ്ക്കുന്ന കാര്യം തീരുമാനിക്കുക. സാധാരണക്കാരുടെ ആശങ്കകൾക്ക് പരിഹാരം കാണാനാണ് താൻ ശ്രമിച്ചതെന്ന് ഗൗരവ് താക്കർ പറഞ്ഞു.
Read News


