BUSINESS
5G Network Slicing: നിങ്ങളുടെ മൊബൈലിനെ ബാധിക്കുന്നതെങ്ങനെ? പണമുള്ളവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ്; 5ജി സ്ലൈസിംഗും നെറ്റ് ന്യൂട്രാലിറ്റി തര്‍ക്കങ്ങളും

5G Network India: രാജ്യത്തെ ഡിജിറ്റല്‍ സമത്വം നിര്‍ണ്ണയിക്കുന്ന ‘ നെറ്റ് ന്യൂട്രാലിറ്റി ‘ (Net Neutrality) നിയമങ്ങളില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്ന് 5ജി നെറ്റ്വര്‍ക്ക് സ്ലൈസിംഗ് ( 5G Network Slicing ). പ്രീമിയം ഉപയോക്താക്കള്‍ക്കും, വ്യാവസായിക ആവശ്യങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് എന്ന ആശയമാണ് ടെലികോം കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് മാത്രം അതിവേഗ ഇന്റര്‍നെറ്റ് എന്ന അവസ്ഥ സാധാരണക്കാരുടെ ഇന്റര്‍നെറ്റ് അനുഭവത്തെ ബാധിക്കുമോ എന്നതാണ് ആശങ്ക. ഇത്തരം മാറ്റങ്ങള്‍ സാധാരണക്കാരായ മൊബൈല്‍ ഉപയോക്താക്കളുടെ ഡിജിറ്റല്‍ ജീവിതത്തെയും, പ്രതിമാസ റീച്ചാര്‍ജ് ബജറ്റിനെയും ബാധിക്കാമെന്നതാണ് യാഥാര്‍ത്ഥ്യം. എന്താണ് 5ജി നെറ്റ്വര്‍ക്ക് സ്ലൈസിംഗ് ? 5ജി നെറ്റ്വര്‍ക്ക് സ്ലൈസിംഗ് (5G Network Slicing) എന്ന പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനായി രാജ്യത്തെ നിലവിലെ ‘നെറ്റ് ന്യൂട്രാലിറ്റി’ (Net Neutrality) നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും, ടെലികോം വകുപ്പും (TRAI) ആലോചിക്കുന്നുവെന്നാണ് വിവരം. പുതിയ മാറ്റം വരുന്നതോടെ ഒരേ മൊബൈല്‍ നെറ്റ്വര്‍ക്കിനെ പല ഭാഗങ്ങളായി തിരിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഗെയിമിംഗ്, ഹെല്‍ത്ത്കെയര്‍, സ്മാര്‍ട്ട് ഫാക്ടറികള്‍, ഓട്ടോണമസ് വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ വേഗവും, തടസമില്ലാത്ത കണക്റ്റിവിറ്റി നല്‍കാന്‍ ഈ പ്രത്യേക നെറ്റ്വര്‍ക്ക് സ്ലൈസുകള്‍ക്ക് സാധിക്കും. ഇത്തരം പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതിന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനും കമ്പനികള്‍ക്ക് അനുമതി ലഭിച്ചേക്കും.നിലവിലെ നിയമം എന്ത്?ഇന്ത്യയില്‍ 2018 -ല്‍ ഔദ്യോഗികമായി അംഗീകരിച്ച ‘നെറ്റ് ന്യൂട്രാലിറ്റി’ നിയമമാണ് നിലവിലുള്ളത്. ഇതനുസരിച്ച് ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും തുല്യമായിരിക്കണം. ടെലികോം കമ്പനികള്‍ക്ക് ഏതെങ്കിലും പ്രത്യേക വെബ്‌സൈറ്റിനോ, സേവനത്തിനോ വേണ്ടി ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാനോ, സാധാരണക്കാരുടെ സ്പീഡ് കുറയ്ക്കാനോ, തടയാനോ കഴിയില്ല. ഇന്റര്‍നെറ്റില്‍ യാതൊരുവിധ വിവേചനവും പാടില്ലെന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഈ കര്‍ക്കശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. മാറ്റത്തിനായി കമ്പനികള്‍ ബലം പിടിക്കുന്നത് എന്തിന്?നിലവില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ബലം പിടിക്കുന്നത് ടെലികോം കമ്പനികള്‍ തന്നെയാണ്. 5ജി ഇന്‍ഫ്രാസ്ട്രക്ചറിനായി മുടക്കിയ വലിയ തുക തിരിച്ചുപിടിക്കാനും, കൂടുതല്‍ ലാഭമുണ്ടാക്കാനും റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ആഗ്രഹിക്കുന്നു. സാധാരണ പ്ലാനുകള്‍ക്ക് പുറമെ കൂടുതല്‍ കാശ് തരുന്നവര്‍ക്ക് ‘പ്രീമിയം’ അല്ലെങ്കില്‍ ‘പ്രയോറിറ്റി’ പ്ലാനുകള്‍ വില്‍ക്കാന്‍ നിയമമാറ്റം വഴി കമ്പനികള്‍ക്ക് സാധിക്കും. എയര്‍ടെല്‍ അടുത്തിടെ അവതരിപ്പിച്ച പ്രയോറിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ഇതിനൊരു ഉദാഹരണമാണ്. നിലവിലെ നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പുതിയ 5ജി സാങ്കേതികവിദ്യകള്‍ക്ക് തടസമാണെന്നും, മാറ്റങ്ങള്‍ നെറ്റ്വര്‍ക്കിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനികള്‍ വാദിക്കുന്നു. ഉപയോക്താക്കളെ ബാധിക്കുന്നത് എങ്ങനെ?ടെലികോം കമ്പനികള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പ്രാവര്‍ത്തികമായാല്‍ പണമുള്ളവന് മികച്ച സേവനം എന്ന അവസ്ഥ വരാമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടുതല്‍ പണം നല്‍കുന്നവര്‍ക്കും വലിയ കോര്‍പ്പറേറ്റുകള്‍ക്കും മികച്ച ഇന്റര്‍നെറ്റ് സ്പീഡും, കുറഞ്ഞ ലേറ്റന്‍സിയും ലഭിക്കും. ആളുകളെ പ്രീമിയം പ്ലാനുകളിലേയ്ക്ക് മാറ്റാന്‍ കമ്പനികള്‍ മനഃപ്പൂര്‍വ്വം സാധാരണ പ്ലാനുകളുടെ വേഗം കുറയ്ക്കാമെന്നതും വെല്ലുവിളിയാണ്. ചെറുകിട വെബ്‌സൈറ്റ് ഉടമകള്‍ക്കും, ഡെവലപ്പര്‍മാര്‍ക്കും അതിവേഗ ഇന്റര്‍നെറ്റിനായി വലിയ തുക മുടക്കാന്‍ സാധിക്കാത്തതിനാല്‍ വന്‍കിട കമ്പനികളോട് മത്സരിക്കുന്നത് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?പണം വാങ്ങി ഒരു പ്രത്യേക വെബ്‌സൈറ്റിന് മാത്രമായി സ്പീഡ് കൂട്ടിക്കൊടുക്കുന്ന രീതി അനുവദിക്കില്ലെന്നും, ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും സ്വതന്ത്രമായി തന്നെ ലഭിക്കുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ പുതിയ നിയമം വരുമ്പോള്‍, സാധാരണക്കാരായ ജനങ്ങളുടെ ഇന്റര്‍നെറ്റ് വേഗതയെയും, ഡാറ്റാ പ്ലാനുകളെയും ബാധിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. നയം മാറുന്ന പക്ഷം ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടും, ലഭ്യമായ മറ്റ് റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി മാത്രമാണ്. പുരോഗമിക്കുന്ന വിഷയമാണ്. മാറ്റങ്ങള്‍ വരാം.)
Read News


