ഇറങ്ങുന്നതിന് മുൻപ് ബസ് എടുത്തത് ചോദ്യംചെയ്തു: വയോധികനെ കെഎസ്ആർടിസി ഡ്രൈവർ കയ്യേറ്റം ചെയ്തതായി പരാതി

പ്രതീകാത്മക ചിത്രം
കൊല്ലം: കൊട്ടാരക്കരയിൽ ഇറങ്ങുന്നതിന് മുൻപ് ബസ് എടുത്തത് ചോദ്യംചെയ്തതിന് കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. പെരിനാട് ഇടവട്ടത്തുചേരിയിൽ അപ്പുക്കുട്ടൻപിള്ളയാണ് പരാതി നൽകിയത്. ഡ്രൈവർ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി.
ബുധനാഴ്ച കൊട്ടാരക്കരയിൽ ക്ഷേത്രദർശനം കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്നു അപ്പുക്കുട്ടൻപിള്ളയും ഭാര്യ രാധമ്മയും. മാമൂട് ജംഗ്ഷനിൽ രാധമ്മ ഇറങ്ങുന്ന സമയം ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയും പിന്നാലെ രാധമ്മ നിലത്തുവീഴുകയുമായിരുന്നു.
ഇത് ചോദ്യം ചെയ്ത ഭർത്താവ് അപ്പുക്കുട്ടൻപിള്ളയെ ഡ്രൈവർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ കുണ്ടറ സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
English Summary
An elderly man, Appukuttan Pillai, has complained that a KSRTC driver attempted to assault him and hurled abuses in Kottarakkara. This occurred after Pillai questioned the driver for moving the bus before his wife could alight, causing her to fall. A complaint has been filed at Kundara police station, and an investigation is underway.


