‘ശരീരഭാരം 100 കിലോയായി, ജീവിതം മാറ്റിമറിച്ചത് മുവായ് തായ്’; വലിയൊരു പാഠം പഠിച്ചുവെന്ന് വിസ്‌മയ മോഹൻലാൽ

വിസ്‌മയ മോഹൻലാൽ
‘തുടക്കം’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്‌മയ. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റത്തെക്കുറിച്ച് വിസ്‌മയ അടുത്തിടെ മനസുതുറന്നിരുന്നു. തായ്‌ലൻഡിലേയ്ക്കുള്ള അവധിക്കാല യാത്ര ജീവിതത്തിൽ വലിയ മാറ്റം വരുത്തിയെന്നാണ് വിസ്‌മയയുടെ വെളിപ്പെടുത്തൽ. രണ്ടാഴ്‌ചത്തേയ്ക്കുള്ള യാത്ര ഒൻപത് മാസത്തെ താമസത്തിലെത്തിയെന്നും താരം പറഞ്ഞു.
‘തായ്‌ലാൻഡ് താമസത്തിനിടെയാണ് മുവായ് തായ് എന്ന ആയോധന കല പരിചയപ്പെടുന്നത്. ഇത് ശരീരത്തിന് ഫിറ്റ്‌നസ് നൽകുക മാത്രമല്ല മാനസികശക്തിയും അച്ചടക്കവും മെച്ചപ്പെടുത്താനും സഹായിച്ചെന്ന് വിസ്‌മയ പറയുന്നു. തായ്‌ലാൻഡിന്റെ ദേശീയ കായിക ഇനമാണ് മുവായ് തായ്. കാൽമുട്ട്, കൈമുട്ട് തുടങ്ങിയവ ഉപയോഗിക്കുന്നതിനാൽ (എട്ട് കൈകാലുകളുടെ കല, ആർട്ട് ഒഫ് എയിറ്റ് ലിംബ്‌സ്) എന്നും മുവായ് തായ് അറിയപ്പെടുന്നു.
എന്റെ ജീവിതത്തിലെ മികച്ച അനുഭവങ്ങളിലൊന്നാണത്. ആ സമയത്ത് ഞാനൊട്ടും ഫിറ്റല്ലായിരുന്നു. ഫിറ്റ്‌നസും വണ്ണവും രണ്ടും രണ്ടാണ്. 98 കിലോ ഭാരമുണ്ടായാലും ഒരാൾക്ക് ഫിറ്റായിരിക്കാൻ സാധിക്കും. പക്ഷേ എനിക്ക് 100 കിലോയോളമുണ്ടായിരുന്നപ്പോൾ പടികൾ കയറാൻ പോലും ഞാൻ പാടുപെട്ടു. എനിക്ക് ശ്വാസം മുട്ടുമായിരുന്നു.
അപ്പോഴാണ് ഞാൻ തായ്‌ലാൻഡിലേയ്ക്ക് പോയത്. എന്തെങ്കിലും പുതിയതൊന്ന് പരീക്ഷിക്കാമെന്ന് ചിന്തിച്ചു. അങ്ങനെയാണ് കോ സമൂയിലെ ഫിറ്റ്‌കോ എന്ന സ്ഥാപനത്തിൽ മുവായ് തായ് പഠിക്കാൻ ചേർന്നത്. തുടക്കത്തിൽ എനിക്കൊട്ടും ഇഷ്ടമായില്ല. വളരെ കാഠിന്യമായിരുന്നു പരിശീലനം. എന്നാൽ കൊവിഡ് വന്നതോടെ എല്ലാ പദ്ധതികളും മാറി. വീട്ടിൽ പോകാതെ തായ്‌ലാൻഡിൽ താമസിക്കാൻ തീരുമാനിച്ചു. അതിനുശേഷമാണ് ശരിക്കും പരിശീലനം ആസ്വദിക്കാൻ തുടങ്ങിയത്.
മുവായ് തായ് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മനസിൽ നിന്ന് അപ്രത്യക്ഷമാവും. നിങ്ങളുടെ മുന്നിലെ ടാസ്‌കിലേയ്ക്ക് മാത്രമേ ശ്രദ്ധ പോവുകയുള്ളൂ. ഒരു മണിക്കൂർ നേരം ഇടി, ചവിട്ട് തുടങ്ങിയവയേ മനസിലുണ്ടാകൂ. ഇത് മനസിനെയും മാറ്റും.
എന്റെ പരിശീലകൻ എന്നോട് 10 കിക്കുകൾ എടുക്കാൻ പറഞ്ഞാൽ ഒൻപത് കിക്കുകൾ എടുക്കുമ്പോൾ ഞാൻ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, നീ എപ്പോഴും അവസാനത്തെ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് നിർത്തുന്നു, ഒരു കിക്ക് കൂടി എടുക്കൂവെന്ന്. പിന്നെ അദ്ദേഹം എന്നെക്കൊണ്ട് 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. ആ അനുഭവം എന്നെ മറ്റൊന്ന് കൂടി പഠിപ്പിച്ചു. എന്തുകാര്യം തുടങ്ങിയാലും അത് പൂർത്തിയാക്കണമെന്ന് എന്നെ പഠിപ്പിച്ചു. അതിന് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. ഇപ്പോൾ എനിക്ക് മുവായ് തായ് വളരെ ഇഷ്ടമാണ്.
ഒരിക്കലും ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. എനിക്ക് യാത്ര ചെയ്യണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് കരുതിയത്. ഒടുവിൽ എട്ടോ ഒമ്പതോ മാസം അവിടെ തങ്ങി. ഞാൻ തായ്‌ലൻഡുമായി പ്രണയത്തിലായി. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യബോധം അനുഭവപ്പെട്ടു. എനിക്ക് എന്റെ ബൈക്ക് എടുത്ത് എവിടെയും പോകാമായിരുന്നു. ആ ജീവിതശൈലി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു’- വിസ്‌മയ പറഞ്ഞു.
English Summary
Vismaya, actor Mohanlal’s daughter, spoke about a transformative nine-month stay in Thailand. Originally a two-week trip, she learned Muay Thai, a martial art that significantly improved her physical fitness, mental strength, and discipline. This experience, preceding her Malayalam film debut ‘Thudakkam’, profoundly changed her perspective and lifestyle, fostering a newfound sense of freedom.
RELATED TOPICS: VISMAYA MOHANLAL, VISMAYA MOHANLAL WEIGHLOSS, MOHANLAL DAUGHTER, WEIGHTLOSS
Business ⏭️


