BUSINESS

പാക്കിസ്ഥാന്റെ ബ്യൂട്ടി ക്രീം ഇന്ത്യയിൽ; ഉള്ളിലുള്ളത് അപകടം! കേന്ദ്ര മുന്നറിയിപ്പ്, വിൽക്കുന്നവരും ‘തേയ്ക്കുന്നവരും’ കുടുങ്ങും


അനുമതിയില്ലാതെ രാജ്യത്ത് വിൽക്കുന്ന പാക്ക് നിർമിത നിരോധിത സൗന്ദര്യ വർധക ബ്രാൻഡുകൾക്കെതിരെ ഗുരുതര മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. മനുഷ്യശരീരത്തിന് ഹാനികരമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ വിപണിയിലെത്തിക്കുന്ന രണ്ട് ബ്രാൻഡുകൾക്കെതിരെയാണ് മുന്നറിയിപ്പ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സുലഭമായി ലഭിക്കുന്ന ഈ ക്രീമുകൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന പേരിലാണ് രാജ്യത്ത് വിൽക്കുന്നത്.ഗോരീ ബ്യൂട്ടി ക്രീം, ചാന്ദിനി വൈറ്റ്നിങ് ക്രീം എന്നീ രണ്ട് ബ്രാൻ‍‍ഡുകൾക്കെതിരെ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷാണ് (സിഡിഎസ്‍സിഒ) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മെർക്കുറി, ലെഡ് എന്നിവ അനിയന്ത്രിതമായ അളവിലാണ് ഇവയിൽ കണ്ടെത്തിയത്. പാക്കിസ്ഥാനിലെ ലാഹോർ ആസ്ഥാനമായ ഗോരീ കോസ്മെറ്റിക്സ്, എസ്.ജെ എന്റർപ്രൈസസ് എന്നീ കമ്പനികളാണ് ഈ ക്രീമുകൾ നിർമിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓപറേഷൻ സിന്ദൂർ സമയത്ത് പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. എന്നിട്ടും പാക് നിർമിതമായ പല ഉൽപന്നങ്ങളും ഇന്ത്യയിൽ വ്യാപകമാണെന്ന് ആരോപണമുണ്ട്. എന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ കണ്ടെത്തിയത് ഗുരുതര സുരക്ഷാ പ്രശ്നമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ.ഈ ബ്രാൻഡുകൾക്ക് ഇന്ത്യയിലേക്ക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും വിൽപന നടത്താനുമുള്ള സർട്ടിഫിക്കേഷൻ നൽകിയിട്ടില്ലെന്ന് സിഡിഎസ്‍സിഒ നോട്ടിസിൽ പറയുന്നു. ഇവയിൽ അപകടകരമായ രീതിയിൽ ഹെവി മെറ്റലിന്റെ സാനിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് പല ഉപഭോക്താക്കളിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം പാക്ക് ബ്യൂട്ടി ബ്രാൻഡുകൾ‍ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രാദേശിക വിപണിയിലും വ്യാപകമാണ്. പലതും ഇന്ത്യൻ നിർ‍മിത ഉൽപന്നങ്ങളെന്ന പേരിലാണ് രാജ്യത്ത് വിൽക്കുന്നത്. ചിലതിൽ നിർമാതാവിന്റെ പേരുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. രാജ്യത്ത് വിൽക്കാൻ അനുമതിയില്ലാത്ത ഇത്തരം ഉൽപന്നങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.ഇവ വിൽക്കുന്നവർക്കും പരസ്യം ചെയ്യുന്നവർക്കും വാങ്ങുന്നവർക്കും എതിരെ നടപടിയുണ്ടാകും. വിദേശ നിർമിത ബ്യൂട്ടി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ നിർമാതാവിന്റെ വിവരങ്ങൾ, ബാച്ച് നമ്പർ, കാലാവധി, രജിസ്ട്രേഷൻ നമ്പർ എന്നിവ പരിശോധിക്കണമെന്നും സിഡിഎസ്‍സിഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Travel ⏭️

Back to top button