AUTO
വൻ മൈലേജുമായി ഫ്രോങ്ക്സ്, വൈ 43, പുതിയ ഗ്രാൻഡ് വിറ്റാര; മാരുതി ഉടൻ പുറത്തിറക്കുന്ന 5 എസ്‍യുവികൾ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാരുതി സുസുക്കി. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് മാരുതിസുസുക്കി മുന്നോട്ടു പോവുന്നത്. ഇതിന്റെ ഭാഗമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൈവിധ്യമാര്‍ന്ന പുതിയ എസ്‌യുവി മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഇന്ത്യന്‍ നിരത്തുകളില്‍ തരംഗമാവാന്‍ തയ്യാറെടുക്കുന്ന മാരുതി സുസുക്കിയുടെ അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം. മുഖംമിനുക്കി മാരുതി ഫ്രോങ്ക്‌സ് ഇന്ത്യന്‍ വിപണിയിലെത്താന്‍ പോവുന്ന മാരുതി സുസുക്കിയുടെ പ്രധാന മോഡലുകളിലൊന്നാണ് ഫ്രോങ്ക്‌സ്. മികച്ച വില്‍പനയുള്ള ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സിന്റെ പുതിയ പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നത്. വരാനിരിക്കുന്ന ഹൈബ്രിഡ് പതിപ്പിന് മുന്നോടിയായിട്ടാവും ഫ്രോങ്ക്‌സ് മുഖം മിനുക്കിയെത്തുക. മുന്നിലേയും പിന്നിലേയും ബംപറുകളില്‍ വരുത്തിയ മാറ്റങ്ങള്‍, പുതിയ മുന്‍ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകളും ടെയില്‍ലാംപുകളും പുതിയ അലോയ് വീലുകള്‍ എന്നിവയാണ് ഫ്രോങ്ക്‌സിന്റെ ഫേസ് ലിഫ്റ്റ് പതിപ്പിലെ പ്രധാന ഡിസൈന്‍ സവിശേഷതകള്‍. അതേസമയം നിലവിലെ 1.2 ലീറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന് പകരം പുത്തന്‍ 1.2 ലീറ്റര്‍, 3 സിലിണ്ടര്‍ Z12E പെട്രോള്‍ എന്‍ജിന്‍ മാരുതി നല്‍കാനും സാധ്യതയുണ്ട്. അതേസമയം കൂടുതല്‍ കരുത്തുറ്റ, സ്മാര്‍ട്ട് സാങ്കേതികവിദ്യയുള്ള 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മാറ്റമില്ലാതെ തുടരും. മാരുതി ഫ്രോങ്ക്‌സ് ഹൈബ്രിഡ്ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫ്രോങ്ക്‌സ് ഹൈബ്രിഡ് മോഡലിനേയും ഫേസ് ലിഫ്റ്റ് പതിപ്പിനു പിന്നാലെ മാരുതി അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനാവുന്ന ഹൈബ്രിഡ് എസ്‌യുവിയാവും ഇത്. മാരുതി സുസുക്കി വികസിപ്പിച്ചെടുത്ത പുതിയ സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അരങ്ങേറ്റവും ഈ മോഡലിലായിരിക്കും. ഫ്രോങ്ക്‌സ് ഹൈബ്രിഡിലെ പെട്രോള്‍ എന്‍ജിന്‍ ബാറ്ററി പാക്ക് ചാര്‍ജ് ചെയ്യാനുള്ള ഒരു ജനറേറ്റര്‍ മാത്രമായാണ് പ്രവര്‍ത്തിക്കുക. ഇലക്ട്രിക്ക് മോട്ടോറാണ് വാഹനത്തിന് ഡ്രൈവിങ് കരുത്ത് പകരുക. ഇത് ഇലക്ട്രിക്ക് വാഹനം ഓടിക്കുന്നതിന് തുല്യമായ ഡ്രൈവിങ് അനുഭവത്തിനൊപ്പം ലീറ്ററിന് 35 കിലോമീറ്റര്‍ എന്ന ആകര്‍ഷണീയമായ ഇന്ധനക്ഷമത നല്‍കുകയും ചെയ്യും. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ലെവല്‍ 2 അഡാസ് എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
Sports ⏭️


