അടുത്ത മൂന്നു മണിക്കൂറിൽ തീവ്രമഴയ്ക്ക് സാദ്ധ്യത; ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : അടുത്ത മൂന്നമണിക്കൂർ നേരത്തേക്ക് ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, കോട്ടയം, കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതേസമയം ഇടുക്കി, കോട്ടയം ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം കിഴക്കൻ മേഖലയിൽ തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലയിൽ കനത്ത മഴയാണ്. പാലാ, ഭരണങ്ങാനം മേഖലകളിലും ശക്തമായ മഴ തുടരുന്നു. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ, ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു, വനമേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായോ എന്നും സംശയമുണ്ട്.




