AUTO

100 പേരെ വീഴ്ത്തി വെർസ്റ്റപ്പൻ! ഏറ്റവും പിന്നിൽ നിന്ന് തുടങ്ങി, സിൽവർസ്റ്റോണിൽ നടന്നത് അദ്ഭുതം


100 ഗോകാര്‍ട്ട് ഡ്രൈവര്‍മാര്‍ക്ക് ഒരു മാക്‌സ് വെര്‍സ്റ്റപ്പന്‍ എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. അങ്ങനെയൊരു കാഴ്ച്ചക്കാണ് ഇംഗ്ലണ്ടിലെ സില്‍വര്‍സ്‌റ്റോണ്‍ ട്രാക്ക് സാക്ഷ്യം വഹിച്ചത്. നാലുതവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ റെഡ്ബുള്ളിന്റെ ഡച്ച് സൂപ്പര്‍താരം മാക്‌സ് വെര്‍സ്റ്റപ്പന്റെ 100 ഗോ കാര്‍ട്ട് ഡ്രൈവര്‍മാര്‍ക്ക് പിന്നില്‍ നിന്നാണ് റേസ് ആരംഭിച്ചത്. എത്ര പേരെ മറികടക്കാനാവും എന്നതായിരുന്നു ചോദ്യം. എല്ലാവരേയും മറികടക്കാനാവുമെന്നാണ് വെര്‍സ്റ്റപ്പന്‍ തെളിയിച്ചത്. റേസിങിനായി പ്രത്യേകം തയാറാക്കിയ ഗോ കാര്‍ട്ട് സര്‍ക്യൂട്ടില്‍ അണി നിരന്നത് വെര്‍സ്റ്റപ്പന്‍ അടക്കം 101 കാര്‍ട്ടുകളായിരുന്നു. തുടക്കക്കാരായ റേസര്‍മാരുടെ പടക്ക് ഏറ്റവും പിന്നിലായിരുന്നു വെര്‍സ്റ്റപ്പന്‍ തുടങ്ങിയത്. മുന്നിലുള്ള 100 ഡ്രൈവര്‍മാരേയും മറികടക്കാന്‍ വെര്‍സ്റ്റാപ്പന്‍ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചോദ്യം. ഡ്രോണ്‍ ക്യാമറകളില്‍ നിന്ന് അടക്കം റേസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ കാഴ്ച്ചക്കാര്‍ക്ക് അസാധാരണ റേസിങ് അനുഭവമായി ഇതു മാറുകയും ചെയ്തു. 30 ലാപ്പുകളിലായി 75 മിനിറ്റ് പരമാവധി സമയത്തിനുള്ളില്‍ പൂര്‍ത്തിയാവും വിധമായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്. പ്രോക്‌സിമിറ്റി ചാറ്റ് ഇന്റര്‍കോം സൗകര്യമുള്ള ഹെല്‍മറ്റുകളാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നത്. ഇത് റേസിനിടെ തന്നെ എതിരാളികളോടും കമന്റേറ്റര്‍മാരോടും സംസാരിക്കാന്‍ വെര്‍സ്റ്റപ്പനെ സഹായിക്കുകയും ചെയ്തു. ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങളും ലൈവ് ട്രാക്കിങും വിഡിയോ ഗെയിമുകളെ ഓര്‍മിപ്പിക്കുന്ന തല്‍സമയ ലീഡര്‍ബോര്‍ഡും കൂടിയായപ്പോള്‍ പരമ്പരാഗത കാര്‍ട്ട് റേസിനേക്കാള്‍ ഈ റേസ് ശരിക്കുമൊരു മോട്ടോ സ്‌പോര്‍ട്‌സ് വിഡിയോ ഗെയിമിന് സമാനമായ അനുഭവമാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.


Sports ⏭️

Back to top button