NEWS

ഗ്രാനൈറ്റിന് ക്ഷാമം വന്നതോടെ സെമിത്തേരിയിൽ കയറി മോഷണം, പിന്നാലെ വിൽപന; മല്ലപ്പള്ളിയിലെ ‘കല്ലറ കള്ളന്മാർ’ പിടിയിൽ


പത്തനംതിട്ട ∙ മല്ലപ്പള്ളി മേഖലയിൽ സെമിത്തേരികളിയിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയിരുന്ന കള്ളന്മാർ പിടിയിൽ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. ഇവർ മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപന നടത്തുന്നവരാണ്. ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികളിൽ നിന്ന് മോഷണം തുടങ്ങിയത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ച് അടുത്ത പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക് നൽകുന്നതായിരുന്നു ഇവരുടെ രീതി. മല്ലപ്പള്ളി ഭാഗത്തെ മൂന്ന് പള്ളികളിലാണ് ഇവർ‌ മോഷണം നടത്തിയത്.ഗ്രാനൈറ്റ് പണികൾ കൃത്യമായി അറിയുന്നവരാകാം മോഷണത്തിനു പിന്നിലെന്ന് പൊലീസിനു നേരത്തെ സംശയമുണ്ടായിരുന്നു. കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികൾക്ക് കേടുപാടുകൾ വരുത്താതെ മോഷണം നടത്തിയിരുന്നതാണ് പൊലീസിന് സംശയമുണ്ടാകാൻ കാരണം. ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാൻ കഴിയില്ലെന്നതിനാൽ മോഷണത്തിനു ഒരു സംഘം ഉണ്ടെന്നും പൊലീസ് ഉറപ്പിച്ചു. സിസിടിവി ക്യാമറകൾ ഇല്ലാത്ത സെമിത്തേരി പരിസരത്തിലൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ചും കല്ലറ നിർമാണ കരാറുകാരെ കേന്ദ്രീകരിച്ചും ആണ് പൊലീസ് അന്വേഷണം നടന്നത്.


Fashion ⏭️

Back to top button