AUTO

ഇ20 ആശങ്ക: തിരിച്ചടി നേരിട്ട് പെട്രോൾ വാഹന വിൽപ്പന; ഉപഭോക്താക്കൾ ഇവിയിലേക്കും സിഎൻജിയിലേക്കും


എഥനോള്‍ കലര്‍ത്തിയ പെട്രോളിനെ ചൊല്ലിയുള്ള ആശങ്കകള്‍ രാജ്യത്തെ പെട്രോള്‍ വാഹന വില്‍പനയെ നേരിട്ടു ബാധിക്കുന്നു. പുതിയ വാഹനം വാങ്ങുന്നവര്‍ സിഎന്‍ജി, ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ പെട്രോള്‍ വാഹനങ്ങള്‍ സാധാരണയിലും കൂടുതലായി ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുകയാണ്. വാഹനം വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ലെങ്കിലും പെട്രോള്‍ വാഹനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ മാറി ചിന്തിക്കുന്നുവെന്നാണ് സൂചന. പൊതുവില്‍ പിന്നോട്ടായിരുന്ന ഡീസല്‍ വാഹനങ്ങളുടെ വില്‍പനയിലും പുതിയ സാഹചര്യത്തില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. ജൂലൈയില്‍ ഉപഭോക്താക്കള്‍ വാങ്ങിയതിലേറെ വാഹനങ്ങള്‍ നിര്‍മാതാക്കള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ജൂലൈയില്‍ 4.16 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് വിറ്റതെങ്കില്‍ കമ്പനികള്‍ 4.69 ലക്ഷം വാഹനങ്ങള്‍ ഡീലര്‍മാരിലേക്കെത്തിച്ചത്. ഇതോടെ വിറ്റഴിച്ചതിനേക്കാള്‍ 52000ത്തിലേറെ വാഹനങ്ങള്‍ അധികമായി സ്‌റ്റോക്കിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പെട്രോളും മറ്റ് ഇതര ഇന്ധനങ്ങളും തമ്മിലുള്ള വിപണിവിഹിതത്തിലെ വ്യത്യാസം 13 ശതമാനമായിരുന്നു. ഇപ്പോള്‍ പെട്രോളിന്റെ വിപണി വിഹിതം 41.68 ശതമാനവും മറ്റ് ഇന്ധനങ്ങളുടേത്  40.59 ശതമാനവുമാണ്. ഇതോടെ പെട്രോള്‍ വാഹനങ്ങളും മറ്റ് ഇന്ധന വാഹനങ്ങളും തമ്മിലുള്ള വ്യത്യാസം വെറും ഒരു ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുകയാണ്. വൈകാതെ മറ്റ് ഇന്ധനങ്ങള്‍ പെട്രോളിനെ മറികടക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ജൂലൈയില്‍ 17.73 ശതമാനം വിപണിവിഹിതവുമായി ഡീസല്‍ വാഹനങ്ങള്‍ മികച്ച മുന്നേറ്റം നടത്തി. മുന്‍ മാസത്തെ അപേക്ഷിച്ച് ഡീസല്‍ വാഹനങ്ങളുടെ വിപണി വിഹിതം 1.4 ശതമാനമാണ് കൂടിയിരിക്കുന്നത്. ഫാഡ നടത്തിയ ആഭ്യന്തര ഡീലര്‍ സര്‍വേ പ്രകാരം വിറ്റഴിക്കപ്പെടാതെ കിടക്കുന്ന വാഹനങ്ങളുടെ അളവ് 5-10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ന്നു. വാഹന നിര്‍മാതാക്കളുടേയും ഡീലര്‍മാരുടേയും ആസൂത്രണത്തിലെ പിഴവും ഉപഭോക്താക്കളുടെ മാറുന്ന താത്പര്യങ്ങളുമാണ് ഈ സ്റ്റോക്ക് വര്‍ധനവിന് കാരണം. ഡീലര്‍മാരുടെ മൂലധനം പഴയ സ്റ്റോക്കുകളില്‍ കുടുങ്ങിക്കിടക്കാതിരിക്കാന്‍ വില്‍പ്പനക്കനുസരിച്ചുള്ള വാഹനങ്ങള്‍ മാത്രം ഡീലര്‍ഷിപ്പുകളിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ഫാഡ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോള്‍ വാഹനങ്ങളുടെ വില്‍പനയിലുണ്ടായ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തില്‍ മികച്ച ഓഫറുകളാണ് പല വാഹന നിര്‍മാതാക്കളും നല്‍കുന്നത്. പെട്രോള്‍ വാഹനങ്ങള്‍ക്കാണ് നിലവില്‍ ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഏറ്റവും വലിയ ഓഫറുകളുള്ളത്. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10, ഐ20, ടാറ്റ നെക്‌സോണ്‍, കിയ സോണറ്റ്, കിയ കാരന്‍സ് ക്ലാവിസ് എന്നിങ്ങനെയുള്ള ജനപ്രിയ മോഡലുകള്‍ക്ക് 95,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. 2025 മോഡല്‍ വാഹനങ്ങള്‍ കൈവശമുള്ള ഡീലര്‍ഷിപ്പുകള്‍ 1.5 ലക്ഷം രൂപയിലേറെ കിഴിവു വരെ നല്‍കുന്നുണ്ട്. 2025 മോഡല്‍ ടാറ്റ കര്‍വിന് 3.5 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ഇ20 പെട്രോളിനെ ചൊല്ലിയുള്ള ആശങ്കകള്‍ ശക്തമായതോടെ പെട്രോള്‍ ഇതര ഇന്ധനങ്ങളിലേക്ക് ഉപഭോക്താക്കള്‍ മാറിയത് വാഹന നിര്‍മാതാക്കളേയും സ്വാധീനിക്കുന്നുണ്ട്. ഭാവിയില്‍ സിഎന്‍ജി, ഡീസല്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ കൂടുതലായി നിര്‍മിക്കാനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞു വരികയാണ്.


Sports ⏭️

Back to top button