NEWS

റെക്കോർഡിൽ നിന്ന് 16% വീഴ്ച, ‘കംബാക്കിന്’ കരടി ഭീഷണി, ഇന്ത്യൻ ഓഹരി വിപണിക്ക് സംഭവിച്ചതെന്ത്?


രണ്ടു വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറ‍ഞ്ഞാൽ 2024 സെപ്റ്റംബർ 26ന് സെൻസെക്സ് എക്കാലത്തെയും വലിയ ഉയരമായ 85,836ലെത്തി. പിന്നാലെയുണ്ടായ ട്രംപിന്റെ തീരുവ യുദ്ധവും, പശ്ചിമേഷ്യയിലെ സംഘർഷവും നിക്ഷേപകരെ നയിച്ചത് വലിയ നഷ്ടത്തിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റെക്കോർഡ് ഉയരത്തിൽ നിന്ന് വിപണി 16 ശതമാനത്തിലേറെ നഷ്ടത്തിലാണ്. തിരിച്ചു കയറാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യം.  കമ്പനികളുടെ വിപണിമൂല്യവും വരുമാന വളർച്ചയും തമ്മിലുള്ള വ്യത്യാസമാണ് തുടക്കത്തിൽ നിക്ഷേപകരെ ഇന്ത്യൻ വിപണിയിൽ നിന്ന് അകറ്റിയത്. പിന്നാലെ തീരുവ യുദ്ധവും വ്യപാരത്തിലെ തടസങ്ങളും ഇന്ത്യ പോലുള്ള എമേർജിങ് വിപണികളിൽ നിന്ന് വിദേശ നിക്ഷേപകരുടെ താൽപര്യം ഇല്ലാതാക്കി. എഐ മേഖലയിലേക്കാണ് ഈ നിക്ഷേപങ്ങൾ പോയത്. ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില വർധിച്ചത് അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ വിപണിയെ സാരമായി ബാധിക്കുന്നത്. വിദേശ നിക്ഷേപകർ ഓഹരി വിൽപന തുടരുന്നതും ഇന്ത്യൻ കമ്പനികളുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനൊത്തു ഉയരാത്തതും നഷ്ടത്തിനു ആക്കം കൂട്ടി. ഇതിനിടയിൽ ചില സമയങ്ങളിൽ സെൻസെക്സ് തിരിച്ചു വരവിന്റെ സൂചനകൾ കാട്ടിയിരുന്നു. ഇക്കൊല്ലത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 85,762.01 എന്ന നിലയിലേക്ക് കയറിയത് ഉദാഹരണം. എന്നാൽ ഇത് നിലനിർത്താൻ കഴിയാത്തത് മറ്റൊരു തിരിച്ചടിയായി. രണ്ടു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇടിഞ്ഞത് ഐടി, എഫ്എംസിജി, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് എന്നീ സെക്ടറുകളാണ്. 33-15 ശതമാനം വരെയാണ് ഇവയുടെ നഷ്ടം. എന്നാൽ മെറ്റൽ (31%), പിഎസ്‍യു ബാങ്ക് (22%), ഫാർമ (16%), ഹെൽത്ത് കെയർ (14%) എന്നീ മേഖലകൾ മികച്ച മുന്നേറ്റമുണ്ടാക്കിയെന്നും കണക്കുകൾ പറയുന്നു.  വമ്പൻമാർക്ക് നഷ്ടം 32 ലക്ഷം കോടി ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ചില കമ്പനികളുടെ ഓഹരി വിലത്തകർച്ച സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. നിഫ്റ്റി 50യിലെ  മിക്ക കമ്പനികളും 52 ആഴ്ചയിലെ താഴ്ന് നിലയിലാണ്. ഇതിലെ 18 പ്രമുഖ കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ നഷ്ടം ഏതാണ്ട് 32 ലക്ഷം കോടി രൂപയോളം വരും. പല ഓഹരികളും 20 ശതമാനത്തിലധികം ഇടിഞ്ഞു. കൂട്ടത്തിൽ ഇൻഫോസിസാണ് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത്. 52 ആഴ്ചയിലെ ഉയരത്തിൽ‍ നിന്ന് 50 ശതമാനത്തിന് മുകളിലാണ് ഇടിവ്. കഴിഞ്ഞ ഫെബ്രുവരി 3ന് രേഖപ്പെടുത്തിയ 1727 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് വില 1000 രൂപയ്ക്കടുത്താണ്. 39.9 ശതമാനം ഇടിഞ്ഞ വിപ്രോയാണ് തൊട്ടുപിന്നിൽ. ടിസിഎസ്, ഐടിസി, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് എന്നിവയും കനത്ത ഇടിവിലാണ്.


Fashion ⏭️

Back to top button