കറുകച്ചാലിൽ കൗതുകമായി നാഗശലഭം: പാമ്പാണെന്ന് തെറ്റിദ്ധരിച്ച കാഴ്ചയിൽ അമ്പരന്ന് നാട്ടുകാർ

കോട്ടയം: ഒരു വയസ്സുള്ള മകൻ അയാനെ കാക്കയെ കാണിക്കാനായി വീടിന്റെ വരാന്തയിലേക്ക് എത്തിയ സെബിൻ സെബാസ്റ്റ്യൻ അപ്രതീക്ഷിതമായി ഒരു കാഴ്ച കണ്ട് അമ്പരന്നു. ആദ്യം കണ്ടപ്പോൾ അതൊരു പാമ്പാണെന്നാണ് കരുതിയത്, അതുകൊണ്ടുതന്നെ പെട്ടെന്നൊന്ന് ഭയന്നുപോയി. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അതൊരു ഭീമൻ പൂമ്പാറ്റയാണെന്ന് തിരിച്ചറിഞ്ഞത്. കറുകച്ചാൽ ചമ്പക്കരയിലുള്ള സെബിന്റെ അറയ്ക്കൽ വീട്ടിലാണ് ഏകദേശം 12 ഇഞ്ചോളം വലിപ്പമുള്ള അപൂർവയിനം നാഗശലഭം അതിഥിയായി എത്തിയത്. രണ്ട് ദിവസത്തോളം വീടിനു മുന്നിലെ ചെടിയിൽ തങ്ങിനിന്ന ശേഷം ആ വിരുന്നുകാരൻ യാത്രയായി.
“കുഞ്ഞിനെ കാക്കയെ കാണിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ആ ശലഭത്തെ ശ്രദ്ധയിൽപ്പെട്ടത്. പാമ്പുകൾ ഇടയ്ക്കിടെ വരാറുള്ളതിനാൽ ആദ്യം ഭയന്നുപോയിരുന്നു. പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് അതൊരു പൂമ്പാറ്റയാണെന്ന് മനസ്സിലായത്. ബുധനാഴ്ച വീടിന്റെ മുൻവശത്ത് തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയിലാണ് ഇതിനെ കണ്ടത്. വ്യാഴാഴ്ച ശക്തമായ മഴ പെയ്യുന്നതുവരെ അത് അവിടെത്തന്നെ ഉണ്ടായിരുന്നു. അത് പറന്നുപോയപ്പോൾ ചെറിയൊരു സങ്കടം തോന്നി. വീട്ടിൽ പൂന്തോട്ടമുള്ളതുകൊണ്ട് ചെറിയ പൂമ്പാറ്റകൾ ധാരാളമായി വരാറുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ള ഒന്നിനെ ഞാൻ ആദ്യമായാണ് കാണുന്നത്. തേക്കടിയിലും കൊടൈക്കനാലിലും ഒക്കെ പലതവണ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കാഴ്ച എന്റെ ജീവിതത്തിൽ ആദ്യമായിരുന്നു. അത്ഭുതം തോന്നിപ്പോയി. അടുത്തുള്ളവരെയെല്ലാം വിളിച്ചുകാണിക്കുകയും വാട്സാപ്പ് ഗ്രൂപ്പുകളിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. കണ്ടവരെല്ലാം വലിയ അത്ഭുതത്തോടെയാണ് ഇതിനെ നോക്കിക്കണ്ടത്” – സെബിൻ സെബാസ്റ്റ്യൻ വിവരിച്ചു.




