LIFESTYLE

60 ദിവസം ഉറങ്ങി 9.6 ലക്ഷം രൂപ സമ്മാനം: സ്ളീപ്പ് ഇന്റേൺഷിപ്പിൽ നേട്ടം കൊയ്ത യുവതി


ജിനിയ ചാറ്റർജി

തുടർച്ചയായി അറുപത് ദിവസം സുഖനിദ്രയിലാഴ്ന്ന് ചാമ്പ്യൻ പട്ടം അണിഞ്ഞ യുവതിക്ക് ലഭിച്ചത് ഒൻപതര ലക്ഷം രൂപയിലേറെ സമ്മാനത്തുക. വേക്ക്‌ഫിറ്റ് (Wakefit) ഒരുക്കിയ അഞ്ചാമത് സ്ലീപ്പ് ഇന്റേൺഷിപ്പ് മത്സരത്തിലാണ് മുംബൈ സ്വദേശിനിയായ ജിനിയ ചാറ്റർജി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പണത്തിന് പുറമെ വിനോദയാത്രയ്ക്കുള്ള സൗജന്യ ടിക്കറ്റും ജിനിയയെ തേടിയെത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തിലധികം പേരാണ് ഇന്റേൺഷിപ്പിനായി അപേക്ഷിച്ചത്. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് മത്സരാർത്ഥികളാണ് രണ്ട് മാസം നീണ്ടുനിന്ന അന്തിമ പോരാട്ടത്തിൽ പങ്കെടുത്തത്. കൃത്യമായ ഉറക്കം ശീലമാക്കുക, ജീവിതചര്യകൾ ചിട്ടപ്പെടുത്തുക, ഒപ്പം ലീഡർബോർഡിൽ മുന്നിലെത്താനായി ആഴ്ചതോറും നൽകുന്ന പ്രത്യേക വെല്ലുവിളികൾ ഏറ്റെടുക്കുക എന്നിവയായിരുന്നു മത്സരാർത്ഥികളുടെ പ്രധാന ചുമതല. അറുപത് ദിവസത്തെ മത്സരത്തിനിടയിൽ ഉറക്കത്തോടൊപ്പം തന്നെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മികച്ച സ്കോർ നേടാനും ഇവർ ശ്രദ്ധിക്കണമായിരുന്നു. ഓരോ വാരത്തിലും ഏറ്റവും മികവ് പുലർത്തുന്നവർക്ക് ‘പ്രോ സ്ലീപ്പർ’ എന്ന പദവിയും ലഭിക്കും.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ജിനിയ ചാറ്റർജി, രത്നഗിരി മണികണ്ഠൻ, മെഹക് കോട്ട് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടത്. ഇവരോടൊപ്പം വൈൽഡ് കാർഡ് എൻട്രിയായി കരീം ഖാൻ കൂടി എത്തിയതോടെ നാല് പേർ തമ്മിലായിരുന്നു ഗ്രാൻഡ് ഫിനാലെയിലെ അന്തിമ പോരാട്ടം.

2019-ൽ ആരംഭിച്ച സ്ലീപ്പ് ഇന്റേൺഷിപ്പ് ഇതിനോടകം വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്. ഇതുവരെയുള്ള നാല് സീസണുകളിലായി പത്തു ലക്ഷത്തിലധികം പേരാണ് ഈ വേറിട്ട മത്സരത്തിന്റെ ഭാഗമാകാൻ അപേക്ഷ സമർപ്പിച്ചത്. ഇതിൽ വിജയികളായ അറുപത്തിയഞ്ച് ഇന്റേണുകൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികമായി ലഭിച്ചിട്ടുമുണ്ട്.

Sports ⏭️

Back to top button