ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ടോയ്ലറ്റിലെ കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാം

പ്രതീകാത്മക ചിത്രം
വീടിന്റെ ശുചിത്വം ഉറപ്പാക്കുന്നതിൽ പ്രധാനപ്പെട്ട ഇടമാണ് ടോയ്‌ലറ്റ്. എത്ര ശ്രദ്ധിച്ചാലും കറകളും ദുർഗന്ധവും വീണ്ടും പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും തലവേദനയാകാറുണ്ട്. എന്നാൽ മണിക്കൂറുകൾ നീളുന്ന കഠിനാധ്വാനമില്ലാതെ, ചില വീട്ടുവൈദ്യങ്ങളിലൂടെ ടോയ്‌ലറ്റിന് പുതുപുത്തൻ തിളക്കം നൽകാൻ സാധിക്കും. അമിത ചെലവില്ലാതെ പരീക്ഷിക്കാവുന്ന ഈ എളുപ്പവഴികൾ നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ
ടൂത്ത് പേസ്റ്റ്
ബേക്കിംഗ് സോഡ
ആദ്യം ഒരു പാത്രത്തിൽ വെളിച്ചെണ്ണ, ടൂത്ത് പേസ്റ്റ്, ബേക്കിംഗ് സോഡ എന്നിവ ആവശ്യാനുസരണം എടുത്ത് നന്നായി യോജിപ്പിച്ച് ഒരു മിശ്രിതം തയ്യാറാക്കുക. ബാത്ത്റൂമിലെ ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടുപ്പമേറിയ കറകൾ നീക്കം ചെയ്യാൻ ഈ ലായനി ഉത്തമമാണ്. ഒരു തുണി ഉപയോഗിച്ച് ഈ മിശ്രിതം ടൈലുകളിൽ പുരട്ടി ഉരച്ചാൽ ടൈലുകൾ കണ്ണാടി പോലെ തിളങ്ങും. അടുക്കളയിലെ സ്റ്റൗവിനു സമീപമുള്ള ടൈലുകളിലെ കറ നീക്കം ചെയ്യാനും ഇതേ മാർഗ്ഗം സ്വീകരിക്കാവുന്നതാണ്.
ക്ലോസറ്റിന്റെ ശുചിത്വത്തിന് പ്രത്യേക പരിഗണന തന്നെ നൽകണം. കറകളും പാടുകളും അടിയാതിരിക്കാൻ വിനാഗിരി ക്ലോസറ്റിനുള്ളിൽ ഒഴിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കുക. പിറ്റേദിവസം അൽപ്പം ബേക്കിംഗ് സോഡ കൂടി വിതറി ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ ക്ലോസറ്റ് പുതിയത് പോലെയാകും. പെട്ടെന്നൊരു വൃത്തിയാക്കൽ മതിയെങ്കിൽ വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത ലായനി ക്ലോസറ്റിൽ ഒഴിച്ച് ഉരച്ചു കഴുകിയാലും മതി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കി തിളക്കമുള്ളതാക്കാൻ ഈ രീതി സഹായകമാണ്.




