BUSINESS

യുഎഇയിലേക്ക് ആന്ധ്രാ ചെമ്മീൻ കയറ്റുമതി: ചന്ദ്രബാബു നായിഡുവും യുഎഇ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഓഹരി വിപണിയിൽ കുതിപ്പ്

ആന്ധ്രാപ്രദേശിൽ നിന്ന് വൻതോതിൽ ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾക്ക് യുഎഇ തുടക്കമിട്ടു. ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളിലെ സമുദ്രോൽപന്ന വിപണിയിൽ വൻ നിക്ഷേപം നടത്താൻ യുഎഇക്ക് വലിയ താല്പര്യമാണുള്ളത്. വിശാഖപട്ടണത്ത് വെച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി യുഎഇ ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാറി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കാര്യങ്ങൾ ചർച്ചയായത്.

ഭക്ഷ്യസംസ്കരണം, കൃഷി തുടങ്ങിയ സുപ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ സന്നദ്ധമാണെന്ന കാര്യം യുഎഇ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ചെമ്മീൻ ഉൽപാദനത്തിലും കയറ്റുമതിയിലും രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ആന്ധ്രാപ്രദേശ്. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാൻ യുഎഇ കമ്പനികളെ നായിഡു ക്ഷണിക്കുകയും ചെയ്തു. പത്തിലധികം കമ്പനികൾ ഇതിനോടകം തന്നെ നിക്ഷേപത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അൽ മാറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് യുഎഇ മന്ത്രിയോട് നായിഡു അഭ്യർത്ഥിച്ചു.

ചെമ്മീൻ ഇറക്കുമതിയിലും ആന്ധ്രയിലെ നിക്ഷേപങ്ങളിലും ഇതുവരെ ഔദ്യോഗികമായ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല. എങ്കിലും, യുഎഇ സംഘത്തിന്റെ ഈ താല്പര്യം വിപണിയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി പ്രമുഖ ചെമ്മീൻ കമ്പനികളുടെ ഓഹരികളിൽ ഇന്ന് മികച്ച മുന്നേറ്റമാണ് ദൃശ്യമായത്. എൻഎസ്ഇയിൽ അവന്തി ഫീഡ്സ് ഓഹരി വില ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ 8.05 ശതമാനം ഉയർന്ന് 760.55 രൂപയിലെത്തി. അപെക്സ് ഫ്രോസൻ ഫൂഡ്സ് ലിമിറ്റഡിന്റെ ഓഹരി മൂല്യം 5.13 ശതമാനം വർധിച്ച് 343.25 രൂപയിലുമെത്തി.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് X/Chandrababu Naiduൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Travel ⏭️

Back to top button