സെക്രട്ടേറിയറ്റിനു മുന്നിൽ വയോധികന്റെ ആത്മഹത്യാശ്രമം; ആധാരം തട്ടിയെടുത്തെന്ന് ആരോപണം

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പരിഭ്രാന്തി പരത്തി. കാട്ടായിക്കോണം സ്വദേശിയായ സുബ്രഹ്മണ്യനാണ് തന്റെ ദേഹത്ത് പെട്രോളൊഴിച്ച് ജീവനൊടുക്കാൻ മുതിർന്നത്. അയൽവാസിയായ ഒരു സ്ത്രീ തന്റെ വീടിന്റെ ആധാരമുൾപ്പെടെയുള്ള രേഖകൾ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം നേരത്തെ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.
പ്രസ്തുത സ്ത്രീ തന്റെ ആധാരം കൈക്കലാക്കി കഴക്കൂട്ടം സഹകരണ ബാങ്കിൽ പണയം വെച്ച് വായ്പയെടുത്തെന്നും, എന്നാൽ തിരിച്ചടയ്ക്കാൻ തയ്യാറാകാതെ തന്നെ വലിയ സാമ്പത്തിക ബാധ്യതയിലാക്കിയെന്നുമാണ് സുബ്രഹ്മണ്യന്റെ പരാതി. ഏകദേശം 12 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഈ വിഷയത്തിലൂടെ തനിക്കുണ്ടായതെന്ന് അദ്ദേഹം വിതരണം ചെയ്ത നോട്ടീസിൽ വ്യക്തമാക്കുന്നു.
കയ്യിൽ കരുതിയ കന്നാസിലെ പെട്രോൾ ശരീരത്തിൽ ഒഴിച്ച ശേഷമായിരുന്നു ആത്മഹത്യാശ്രമം. ഈ സമയം അതുവഴി കടന്നുപോയ ഒരു സ്ത്രീയാണ് സംഭവം കണ്ട് തടയാൻ ശ്രമിക്കുകയും ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തത്. പെട്രോളൊഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്താൻ സുബ്രഹ്മണ്യൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷിയായ സ്ത്രീ വെളിപ്പെടുത്തി. വിവരം അറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ഇടപെടുകയും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ലൈറ്റർ പിടിച്ചെടുത്ത് അപകടം ഒഴിവാക്കുകയുമായിരുന്നു.




