നദികളിൽ മണൽ വാരൽ നിരോധനം: ഡാമുകളിൽ അനുമതി നൽകി സർക്കാർ

ന്യൂഡൽഹി ∙ പുഴകളിലെ മണൽ വാരൽ പൂർണമായും നിരോധിച്ച്, അണക്കെട്ടുകളിൽ നിന്ന് മണൽ ഖനനം ചെയ്യണമെന്ന നിർണായക ശുപാർശയുമായി സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി. നദികളിലെ മണൽ ഖനനത്തിന് പകരമായി ഡാമുകളിൽ നിന്നുള്ള മണലും, ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കുന്ന എം-സാൻഡും, നിർമ്മാണമേഖലയിലെ അവശിഷ്ടങ്ങൾ പുനരുപയോഗിച്ചുള്ള നിർമ്മാണ സാമഗ്രികളും ഉപയോഗപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് സമിതി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ചന്ദ്രപ്രകാശ് ഗോയൽ നേതൃത്വം നൽകുന്ന സമിതിയുടെ നിർദ്ദേശപ്രകാരം, മൂന്ന് വർഷത്തിനുള്ളിൽ പുഴകളിൽ നിന്നുള്ള മണലെടുപ്പ് ഘട്ടംഘട്ടമായി പൂർണ്ണമായും അവസാനിപ്പിക്കണം. ഇതിന് പകരമായി ഡാമുകളിൽ വർഷങ്ങളായി അടിഞ്ഞുകൂടിക്കിടക്കുന്ന മണൽ പത്ത് വർഷം നീളുന്ന പദ്ധതിയിലൂടെ വേർതിരിച്ചെടുക്കാം. ഈ രീതി നടപ്പിലാക്കുന്നതിലൂടെ നിർമ്മാണമേഖലയിലേക്ക് ആവശ്യമായ മണൽ ലഭ്യമാകുന്നതിനൊപ്പം തന്നെ, അണക്കെട്ടുകളുടെ ജലസംഭരണ ശേഷി ഗണ്യമായി വർദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ജലശക്തി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 6,628 അണക്കെട്ടുകളാണ് ഉള്ളത്. ഇതിൽ 439 ഡാമുകളിൽ മണലും ചെളിയും അടിഞ്ഞുകൂടിയത് മൂലം അവയുടെ സംഭരണ ശേഷിയിൽ 19.24 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടാതെ, 23 അണക്കെട്ടുകളുടെ സംഭരണ ശേഷി പകുതിയിലധികമായി കുറഞ്ഞുവെന്ന ആശങ്കാജനകമായ വിവരവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.




