ആലീസ് ഹുവാങ് എംഎസ്എസ് ബന്ധം: ചൈനീസ് ചാരസംഘടനയുടെ നിഗൂഢ നീക്കങ്ങൾ ചർച്ചയിൽ

വാഷിങ്ടൻ∙ ആലീസ് ഹുവാങ് ചൈനീസ് ചാരസംഘടനയുടെ ഏജന്റാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെ, ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയും (എംഎസ്എസ്) ചർച്ചകളിൽ ഇടംപിടിക്കുകയാണ്. ആലീസ് എംഎസ്എസിന്റെ ഭാഗമാണെന്ന ആരോപണമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൈനീസ് ഇന്റലിജൻസ് സർവീസസ് (സിഐഎസ്) എന്ന പൊതുസംവിധാനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസികൾക്ക് ഒരോന്നിനും വ്യത്യസ്തമായ പ്രവർത്തനശൈലികളാണുള്ളത്. സിവിലിയൻ പശ്ചാത്തലത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് എംഎസ്എസ് ആണ്. ചൈനീസ് ചാര ശൃംഖലയിലെ കരുത്തരായ ഇവർക്ക് ബെയ്ജിങ്ങിലാണ് ആസ്ഥാനമെങ്കിലും, രാജ്യത്തെ മിക്ക നഗരങ്ങളിലും പട്ടണങ്ങളിലും ശക്തമായ വേരോട്ടമുണ്ട്.
∙ എന്താണ് ‘ചിപ്പ്’ വിവാദം: സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസ് എക്സിക്യൂട്ടീവായ ആലീസും, ആഗോളതലത്തിൽ അറിയപ്പെടുന്ന എഐ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസെൻ ഹുവാങ്ങുമായുള്ള അടുപ്പം സാങ്കേതികവിദ്യാ രംഗത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആലീസ് ചൈനീസ് ചാരവനിതയാണെന്ന നിഗമനത്തിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം. ആലീസ് മുമ്പ് ഉന്നത പദവി വഹിച്ചിരുന്ന മെഗാസ്പീഡ് എന്ന സ്ഥാപനം വഴി ചൈനയിലേക്ക് വിലക്കപ്പെട്ട എഐ ചിപ്പുകൾ എത്തിച്ചോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. എൻവിഡിയയുടെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് പങ്കാളികളിലൊന്നാണ് മെഗാസ്പീഡ്.




