NEWS

മലേഷ്യയിൽ മിന്നൽ പ്രളയം: രണ്ട് മലയാളികൾ മരിച്ചു

പിറവം / കോഴിക്കോട് ∙ മലേഷ്യയിലെ റവാങ്ങിൽ ഉണ്ടായ ഉരുൾപൊട്ടലും തുടർന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കവും രണ്ട് മലയാളികളുടെ ജീവൻ കവർന്നു. മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിലെ കെ.ബി. അനീഷ് (35), കോഴിക്കോട് കൽപത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാണാതായ എട്ടുപേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തു കഴിഞ്ഞു. കൂടുതൽ ഇന്ത്യക്കാർ ദുരന്തത്തിൽപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ ഈ സംഭവം നടന്നത്. ദീപാവലി അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം റവാങ്ങിലെ തടാകതീരത്ത് എത്തിയതായിരുന്നു അനീഷും ലിനിലും. ഈ സമയം അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലും പ്രളയവും ഇവരുടെ ജീവൻ അപഹരിക്കുകയായിരുന്നു.

ഏഴ് വർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അനീഷ്. തന്റെ സഹോദരന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനായി ഒരു മാസം മുൻപ് അദ്ദേഹം നാട്ടിൽ എത്തിയിരുന്നു. ഭാസ്കരന്റെയും സുജാതയുടെയും മകനാണ് അനീഷ്. സി.എസ്. രേഷ്മയാണ് ഭാര്യ. ഭവദേവ് ഏക മകനാണ്.

Fashion ⏭️

Back to top button