NEWS
അനധികൃതമായി 36 ആഡംബര വില്ലകൾ: ഐഎഎസ് – ഐപിഎസ് ദമ്പതികൾക്കെതിരെ വിജിലൻസ് അന്വേഷണം

ജയ്പുർ ∙ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് സഹായങ്ങൾ ചെയ്തുനൽകി, അതിനു പകരമായി വിലകുറഞ്ഞ നിരക്കിൽ ആഡംബര വില്ലകൾ കൈക്കലാക്കിയെന്ന ആരോപണത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗ്രവാളിനെതിരെ രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അന്വേഷണം തുടങ്ങി. വ്യവസായ വകുപ്പിലെ മുൻ അഡിഷനൽ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം.
‘അനന്ത’ എന്ന റിസോർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥരായ ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ഇദ്ദേഹം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഉദയ്പുരിലെ ബുജ്ഹദയിൽ ശിഖറും ഐപിഎസ് ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യ പ്രശാഖ മാഥുറും ചേർന്ന് 10 വില്ലകൾ വീതം സ്വന്തമാക്കിയതായാണ് വിവരം. കൂടാതെ, അൽവറിലെ അജബ്ഗഡിൽ ഇരുവരുടെയും കുടുംബാംഗങ്ങളുടെ പേരിലായി 16 വില്ലകൾ കൂടി വാങ്ങിക്കൂട്ടിയിട്ടുണ്ട്.




