NEWS

മോക് പാർലമെന്റ് നടത്തിയവർ കോമാളികൾ: വിമർശനവുമായി കേന്ദ്രമന്ത്രി

കൊച്ചി: രാജ്യ തലസ്ഥാനത്ത് ഇന്ത്യാ സഖ്യം സംഘടിപ്പിച്ച മോക് പാർലമെന്റ് ജനാധിപത്യത്തെ പരിഹസിക്കുന്നതും അങ്ങേയറ്റം പരിഹാസ്യവുമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ വിമർശിച്ചു. എറണാകുളം റിനായ് ഹോട്ടലിൽ ബി.ജെ.പി സംഘടിപ്പിച്ച ബൗദ്ധിക സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.ഐ.ആർ ക്യാമ്പസിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നൂറോളം പ്രവർത്തകർ തടിച്ചുകൂടുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് കമ്മിഷണർ നേരിട്ടെത്തി സംസാരിക്കണമെന്ന അപ്രായോഗികമായ ആവശ്യമാണ് ഇവർ ഉന്നയിച്ചത്. സന്ദർശകരുടെ പട്ടിക സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. പിന്നീട് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഒത്തുകൂടിയ ഇവർ രാഷ്ട്രപതി നേരിട്ടെത്തി തങ്ങളെ കാണണമെന്ന് വാശിപിടിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തുപേരുടെ പട്ടിക വാങ്ങി കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയെങ്കിലും, രാഷ്ട്രപതി ആവശ്യപ്പെട്ട തെളിവുകൾ ഇനിയും സമർപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ഇത്തരം നീക്കങ്ങൾ തികഞ്ഞ വിരോധാഭാസമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറൽ അഡ്വ. പി. ശ്രീകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. ഒ.എം. ശാലീന, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന സാമ്പത്തിക സെൽ കൺവീനർ വിനീത ഹരിഹരൻ, ലീഗൽ സെൽ കൺവീനർ അഡ്വ. ആർ.വി. ശ്രീജിത്ത്, സാംസ്‌കാരിക സെൽ കോ-കൺവീനർ സജി ആവിഷ്‌കാർ, ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ ഹൈക്കോടതി സീനിയർ അഭിഭാഷകൻ എം.ആർ. ഹരിരാജ്, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി. ദാസ് എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു. വിനീത ഹരിഹരൻ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.

Sports ⏭️

Read News ⏭️

Back to top button