NEWS

ഡിവൈഎസ്പി പരീക്ഷാ റാങ്ക്: എസ്‌എഫ്‌ഐ നേതാവിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി

തിരുവനന്തപുരം ∙ പിഎസ്‌സി വഴി നടന്ന ഡിവൈഎസ്പി (ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) സ്പെഷൽ റിക്രൂട്മെന്റിൽ, മുൻ എസ്എഫ്ഐ നേതാവിനെ ക്രമവിരുദ്ധമായി ഒന്നാം റാങ്ക് നൽകി നിയമനത്തിന് ശുപാർശ ചെയ്തതായി ആരോപണം. പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ പട്ടികയിൽ പോലും ഇടംപിടിക്കാൻ കഴിയാതിരുന്ന കെ.ജെ.ജിതിൻ എന്ന മുൻ എസ്എഫ്ഐ നേതാവിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പരാതി സമർപ്പിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിൻ നിലവിൽ പങ്കെടുക്കുന്ന പരിശീലനത്തിന് അനുമതി നൽകിയ നടപടി റദ്ദാക്കണമെന്നും, നിയമന ഉത്തരവ് തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. ഗ്രേസ് മാർക്കിന്റെ പിൻബലത്തിൽ മൂന്നാം ക്ലാസോടെ ബിരുദം നേടിയ വ്യക്തിയാണ് ജിതിൻ. സബ് ഇൻസ്‌പെക്ടർ, ഹൈക്കോടതി അസിസ്റ്റന്റ്, ഗവ. ഓഡിറ്റർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തുടങ്ങിയ ഉന്നത തസ്തികകളിലേക്ക് മത്സരിച്ച, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പിന്തള്ളിയാണ് ഇയാൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

എറണാകുളത്തെ വിവിധ കോളജ് പ്രിൻസിപ്പൽമാരെ മർദിച്ചതും, മദ്യപിച്ച് വാഹനമോടിച്ചതും ഉൾപ്പെടെയുള്ള ഒട്ടേറെ ക്രിമിനൽ കേസുകൾ ജിതിന്റെ പേരിലുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Fashion ⏭️

Back to top button