എൻവിഡിയ മേധാവിയുമായി ചൈനീസ് യുവതിയുടെ അടുപ്പം: ട്രംപ് മറച്ചുവെച്ച ചിപ്പ് രഹസ്യങ്ങൾ പുറത്ത്

ന്യൂയോർക്ക് ∙ പ്രശസ്ത അമേരിക്കൻ ചിപ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങുമായി സൗഹൃദം സ്ഥാപിച്ച് ചൈനീസ് വംശജയായ വനിത ചാരപ്രവർത്തനം നടത്തിയെന്ന ഗുരുതര ആരോപണവുമായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ. നിർണായകമായ അമേരിക്കൻ എഐ ചിപ്പുകളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ ഇവർ ചൈനയ്ക്ക് കൈമാറിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും നിഷേധിച്ചുകൊണ്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്.
സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന ഡേറ്റ സെന്റർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയായ ആലീസ് ഹുവാങ് ആണ് ഈ വിവാദങ്ങളുടെ കേന്ദ്രബിന്ദു. എൻവിഡിയയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു പുറമേ, ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ സംബന്ധിച്ചും ഇവർ രഹസ്യങ്ങൾ ചോർത്തിയതായാണ് വിവരം. അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള കർശനമായ എഐ ചിപ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട്, ചൈനയിലേക്ക് ഇവ എത്തിക്കുന്നതിൽ ആലീസ് മുഖ്യപങ്ക് വഹിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
യുഎസ് രഹസ്യാന്വേഷണ വിഭാഗം ഈ കണ്ടെത്തലുകൾ ഒരു വർഷം മുമ്പേ തന്നെ ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും, ചൈനയുമായുള്ള വ്യാപാര ചർച്ചകളെ അത് ബാധിക്കുമെന്ന് ഭയന്ന് അദ്ദേഹം വിഷയത്തിൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എൻവിഡിയയുടെ ചിപ്പുകൾ ഉപയോഗിച്ച് മെഗാസ്പീഡ് സജ്ജമാക്കിയ ഡേറ്റ സെന്ററുകൾ ആലിബാബ ഉൾപ്പെടെയുള്ള വൻകിട ചൈനീസ് കമ്പനികൾ വാടകയ്ക്ക് ഉപയോഗിച്ചിരുന്നു. മെഗാസ്പീഡ് കൈക്കലാക്കിയ അമേരിക്കൻ ചിപ്പുകൾ വഴിവിട്ട മാർഗ്ഗങ്ങളിലൂടെ ചൈനയിലേക്ക് കടത്തിയതായും യുഎസ് അധികൃതർ സംശയിക്കുന്നു. 2025-ൽ സിംഗപ്പൂർ ഭരണകൂടം ആലീസിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.




