NEWS

എസ്‌എഫ്‌ഐ മുൻ നേതാവിന് വേണ്ടി ഡിവൈഎസ്‌പി പരീക്ഷയിൽ ക്രമക്കേട്: പിഎസ്‌സിക്കെതിരെ പരാതി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) സംഘടിപ്പിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്‌പി) സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷാഫലത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്ത്. മുൻ എസ്‌എഫ്‌ഐ നേതാവായ കെ.ജെ. ജിതിൻ ക്രമക്കേടിലൂടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയെന്നും അദ്ദേഹത്തിന് നിയമന ശുപാർശ നൽകിയെന്നുമാണ് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയിലെ പ്രധാന ആരോപണം.

നേരത്തെ നടന്ന പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാൻ പോലും സാധിക്കാത്ത വ്യക്തിയാണ് ജിതിൻ. ഗുരുതരമായ പല ക്രിമിനൽ കേസുകളിലും പ്രതിയായ ജിതിന്റെ നിയമന ഉത്തരവും പരിശീലനത്തിനായുള്ള അനുമതിയും അടിയന്തരമായി റദ്ദാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. എറണാകുളത്തെ വിവിധ കോളേജുകളിലെ പ്രിൻസിപ്പൽമാരെ അക്രമിച്ച സംഭവങ്ങളിലും, മദ്യപിച്ച് വാഹനമോടിച്ചതടക്കമുള്ള കേസുകളിലും ഇയാൾക്കെതിരെ എഫ്‌ഐആറുകൾ നിലവിലുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

2025 സെപ്റ്റംബറിലായിരുന്നു ഡിവൈഎസ്‌പി തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തുവന്നത്. ഡിസംബർ 25-ന് എഴുത്തുപരീക്ഷയും, 2026 മാർച്ചിൽ കായികക്ഷമതാ പരിശോധനയും, ഏപ്രിലിൽ അഭിമുഖവും പൂർത്തിയായി. മേയ് ആറിനാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ടാണ് അഭിമുഖ നടപടികളിൽ പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷാ വിജ്ഞാപനത്തിൽ പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥർ തിരുത്തലുകൾ വരുത്തിയതായി അന്വേഷണ സംഘം (എസ്‌ഐടി) നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎസ്‌സിക്കെതിരെ വീണ്ടും വിവാദങ്ങൾ ഉയരുന്നത്. നിയമനങ്ങളിലെ തട്ടിപ്പുകൾക്ക് പിന്നിൽ ചെയർമാനും, രാഷ്ട്രീയ സ്വാധീനമുള്ള മൂന്ന് അംഗങ്ങളും, അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരും അടങ്ങുന്ന ആറംഗ സംഘമാണെന്നാണ് എസ്‌ഐടിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

Sports ⏭️

Read News ⏭️

Back to top button