CINEMA

കേരളീയ പ്രകൃതിയുടെ ദൃശ്യവിസ്മയം

കേരളപ്പിറവിക്ക് 70 വയസ്സ് തികയുകയാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യവും പെരുമയും വിളിച്ചോതുന്ന അനവധി ഗാനങ്ങൾ മലയാളികളുടെ സംഗീത സപര്യയിൽ ഇടംപിടിച്ചിട്ടുണ്ട്. കേൾക്കുമ്പോൾ ആത്മവിശ്വാസവും അഭിമാനവും ഉണർത്തുന്ന അത്തരം ചില മനോഹരമായ ഗാനങ്ങൾ നോക്കാം.

കേരളം കേരളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1977-ൽ പ്രദർശനത്തിനെത്തിയ ‘മിനിമോൾ’ എന്ന ചിത്രത്തിലാണ് ‘കേരളം കേരളം കേളികൊട്ടുയരുന്ന’ എന്ന ഹിറ്റ് ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രേംനസീർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലെ ഗാനത്തിന് വരികൾ കുറിച്ചത് ശ്രീകുമാരൻ തമ്പിയാണ്. ജി. ദേവരാജന്റെ ഈണത്തിൽ ശങ്കരാഭരണം രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് കെ.ജെ. യേശുദാസാണ്. മലയാളികളുടെ ആഘോഷങ്ങളുടെ പ്രതീകമായ ഓണത്തിന്റെ വർണ്ണന ഈ ഗാനത്തിലുടനീളം കാണാം.

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു

1970-ൽ പുറത്തിറങ്ങിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന ഗാനം കേരളത്തെ ഏറ്റവും മനോഹരമായി അടയാളപ്പെടുത്തിയവയിൽ ഒന്നാണ്. പ്രേംനസീർ, മധു, ജയഭാരതി, ശ്രീലത നമ്പൂതിരി തുടങ്ങിയവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്‌കരനാണ്. കെ. രാഘവൻ മാഷിന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച ഈ ഗാനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

മലയാള ഭാഷ തൻ മാദക ഭംഗി

പി. വേണു സംവിധാനം ചെയ്ത ‘പ്രേതങ്ങളുടെ താഴ്വര’ (1970) എന്ന സിനിമയിലെ വരികൾ അതിമനോഹരമാണ്. ‘മലയാള ഭാഷ തൻ മാദകഭംഗി നിൻ മലർമന്ദഹാസമായ് വിരിയുന്നു’ എന്ന് തുടങ്ങുന്ന ഗാനം ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഖരഹരപ്രിയ രാഗത്തിലാണ് ഒരുക്കിയത്. ജി. ദേവരാജൻ സംഗീതം പകർന്ന ഈ ഗാനത്തെ പി. ജയചന്ദ്രൻ തന്റെ ശബ്ദത്തിലൂടെ അനശ്വരമാക്കി.

എന്റെ കേരളം എത്ര സുന്ദരം

ഉഷാ ഉതുപ്പ് പാടി ഈണമിട്ട ഈ ഗാനം കേരളത്തിന്റെ തനിമ മുഴുവൻ ഉൾക്കൊള്ളുന്നതാണ്. 1999-ലെ ഓണക്കാലത്ത് പുറത്തിറങ്ങിയ ‘ഓലപ്പീപ്പി’ എന്ന ആൽബത്തിലൂടെയാണ് ഈ ഗാനം ശ്രദ്ധേയമായത്. താൻ പങ്കെടുക്കുന്ന സംഗീത സദസ്സുകളിലെല്ലാം ഉഷാ ഉതുപ്പ് നിർബന്ധമായും പാടാറുള്ള ഈ ഗാനത്തിന് വരികളെഴുതിയത് തബലിസ്റ്റ് ചിറ്റൂർ ഗോപിയാണ്.

ശ്യാമസുന്ദര കേര കേദാര ഭൂമി

കേരളത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏത് മലയാളിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഈ ഗാനമായിരിക്കും. എ.ആർ. റഹ്‌മാൻ സംഗീതം നൽകിയ ഈ ഹ്രസ്വഗാനത്തിന്റെ വരികൾ പി. ഭാസ്‌കരന്റേതാണ്. കല്യാണി മേനോനും സുജാത മോഹനും ചേർന്ന് മനോഹരമാക്കിയ ഈ ഗാനം കേൾക്കുന്നവരിലെല്ലാം കേരളീയതയുടെ അഭിമാനം നിറയ്ക്കുന്നു.

കേര നിരകളാടും

സിബി മലയിൽ സംവിധാനം ചെയ്ത ‘ജലോത്സവം’ എന്ന ചിത്രത്തിൽ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനമാണിത്. ബീയാർ പ്രസാദിന്റെ തൂലികയിൽ പിറന്ന വരികൾ സരസ്വതി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അൽഫോൻസ് ജോസഫിന്റെ സംഗീതസംവിധാനത്തിൽ പി. ജയചന്ദ്രൻ ആലപിച്ച ഈ ഗാനം മലയാളത്തിന്റെ ദൃശ്യഭംഗിയെ അത്രമേൽ മനോഹരമായി ആവിഷ്കരിക്കുന്നു.

Business ⏭️

Back to top button