CINEMA

അജിത്ത് ചിത്രത്തിൽ ശ്രീലീല നായികയാകുന്നു

ആദിക് രവിചന്ദ്രൻ സംവിധാനത്തിൽ അജിത്ത് കുമാർ നായകനാകുന്ന ‘ഡെയർ ഡെവിൾ’ എന്ന ചിത്രത്തിൽ ശ്രീലീല തന്നെയായിരിക്കും നായികയായി എത്തുക. ചിത്രത്തിൽ നിന്ന് ഡേറ്റ് ക്ലാഷുകളെ തുടർന്ന് ശ്രീലീല പിന്മാറിയെന്നും പകരം കയാദു ലോഹർ അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അതിന് വിരാമമിട്ടുകൊണ്ടാണ് വാർത്തകൾ വരുന്നത്. സിനിമയുടെ പൂജാ ചടങ്ങുകൾ ഇന്ന് നടക്കും. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വെച്ച് നവംബർ മാസത്തിന്റെ രണ്ടാം ആഴ്ചയോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

‘ഗുഡ് ബാഡ് അഗ്ളി’ എന്ന ചിത്രത്തിന് ശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒന്നിക്കുന്ന ഈ പ്രോജക്റ്റിലേക്ക് ഉണ്ണി മുകുന്ദനെ പരിഗണിച്ചിരുന്നു. മോഹൻലാലിന് വേണ്ടി മാറ്റിവെച്ചിരുന്ന കഥാപാത്രത്തിലേക്കാണ് ഉണ്ണി മുകുന്ദന്റെ പേര് ഉയർന്നു കേട്ടത്. പ്രഭു, പാർത്ഥിപൻ, തെലുങ്ക് താരം സുനിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത്ത് കുമാർ ആണ് ബ്രേവ് ഹാർട്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. തന്റെ മൂന്നര പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത് കുമാർ നിർമ്മാണ മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. ആദിക് രവിചന്ദ്രൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അഭിനന്ദൻ രാമാനുജം ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Business ⏭️

Back to top button